കോട്ടയം
ശബരിമല വിമാനത്താവള സ്ഥലമെടുപ്പ് സംബന്ധിച്ച ജനങ്ങളുടെ ആശങ്കയകറ്റി പാരിസ്ഥിതികാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട്. തലമുറകളായി ചെറുവള്ളി എസ്റ്റേറ്റിൽ താമസിച്ചു പണിയെടുക്കുന്ന തൊഴിലാളികൾക്ക് സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കാനും മറ്റു ജീവനക്കാർക്കും പദ്ധതി പരോക്ഷമായി ബാധിക്കുന്നവർക്കും നഷ്ടപരിഹാരം നൽകാനും ശുപാർശ ചെയ്യുന്നു. കൂടാതെ വിദഗ്ധസമിതി റിപ്പോർട്ട് വിശദമായി പരിശോധിക്കും. വീണ്ടും ജനങ്ങളിൽനിന്ന് വിവരങ്ങൾ തേടി കൂടുതൽ വ്യക്തത വരുത്തി രണ്ടു മാസത്തിനകം വിശദമായ ശുപാർശ സമർപ്പിക്കും.
നേരിട്ട് ബാധിക്കുന്നത്
583 കുടുംബങ്ങളെ
പദ്ധതി 221 എസ്റ്റേറ്റ് തൊഴിലാളികുടുംബങ്ങളെയും 362 മറ്റ് കുടുംബങ്ങളെയും നേരിട്ടു ബാധിക്കും. എസ്റ്റേറ്റിന് പുറത്തുള്ള 1441 പേരെയും എസ്റ്റേറ്റിലെ 875 വരെയും ബാധിക്കും. ഇവർക്കെല്ലാം അർഹമായ നഷ്ടപരിഹാരം നൽകാനുള്ള സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും.
പൊളിച്ചു നീക്കേണ്ടത്
253 കെട്ടിടങ്ങൾ
ഏറ്റെടുക്കുന്ന സ്ഥലത്ത് 253 കെട്ടിടങ്ങളുണ്ട്. ഇവ പൂർണ്ണമായി പൊളിക്കേണ്ടിവരും. കൂടാതെ എട്ട് കെട്ടിടങ്ങൾ ഭാഗികമായും പൊളിക്കണം.
റബർ മരങ്ങൾ
3.34 ലക്ഷത്തോളം
ടാപ്പ് ചെയ്യുന്നതും തൈകളുമടക്കം 3.34 ലക്ഷത്തിലേറെ റബർമരങ്ങൾ നിർദ്ദിഷ്ട ഭൂമിയിലുണ്ട്. കൂടാതെ 64 ഹെക്ടറിൽ പൈനാപ്പിൾ കൃഷിയുമുണ്ട്. കാപ്പി, കവുങ്ങ്, കുരുമുളക് ചെടികൾ, തെങ്ങ്, മറ്റു ഫലവൃക്ഷങ്ങളും മരങ്ങളുമുണ്ട്.
ആറ് ആരാധനാലയങ്ങൾ
ഏറ്റെടുക്കുന്ന സ്ഥലത്ത് ആറ് ആരാധനാലയങ്ങൾ ഉണ്ട്. ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടാൽ ഇവ മാറ്റി സ്ഥാപിക്കാനും നഷ്ടപരിഹാരം നൽകാനും ശുപാർശയുണ്ട്. ഒരു സ്കൂളും പദ്ധതി പ്രദേശത്തുണ്ട്.