ആലപ്പുഴ >പുരോഗമന കലാ -സാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാവും പത്രപ്രവർത്തകനും കവിയും നാടകകാരനുമായിരുന്ന എം എൻ കുറുപ്പിന്റെ സ്മരണ നിലനിർത്തുന്നതിനായി പുരോഗമന കലാസാഹിത്യ സംഘം മാരാരിക്കുളം ഏരിയാ കമ്മിറ്റി യുവ എഴുത്തുകാർക്കായി ഏർപ്പെടുത്തിയിട്ടുള്ള എം എൻ കാവ്യപുരസ്കാരത്തിന് അനുശ്രീ ചന്ദ്രൻ അർഹയായി. എഴുത്തുകാരൻ എം എം നാരായണൻ ജൂറി ചെയർമാനും എഴുത്തുകാരായ ഡോ. ഒലീന, വിനോദ് വൈശാഖി എന്നിവർ അംഗങ്ങളുമായുള്ള ജൂറിയാണ് അവാർഡ് നിർണ്ണയം നടത്തിയത്.
45 വയസ്സ് വരെയുള്ള യുവ എഴുത്തുകാരിൽ നിന്നാണ് സൃഷ്ടികൾ ക്ഷണിച്ചത്. മത്സരത്തിനായി ലഭ്യമായ 112ക കവിതകളിൽ നിന്നുമാണ് അനുശ്രീ ചന്ദ്രന്റെ “സൂര്യസൂചിയോട് രാവ് കോക്രി കാട്ടുമ്പോൾ” എന്ന കവിത അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. പതിനായിരത്തി ഒന്ന് രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. തിരുവനന്തപുരം പരശുവയ്ക്കൽ ചന്ദ്ര ഭവനിൽ ചന്ദ്രൻ- ശ്രീകുമാരി ദമ്പതികളുടെ മകളായ അനുശ്രീ ചന്ദ്രൻ കാലടി സർവകലാശാലയിൽ മലയാള വിഭാഗം ഗവേഷക വിദ്യാർത്ഥിനിയാണ്. അഖിൽ ആണ് ഭർത്താവ്. മികച്ച കവിതയ്ക്കുള്ള കടത്തനാട്ട് മാധവിയമ്മ പുരസ്കാരവും അനുശ്രീ നേടിയിട്ടുണ്ട്.
വിത്തിന്റെയും വിയർപ്പിന്റെയും ഇമേജുകളിലൂടെ മണ്ണും മനുഷ്യനും പങ്കിടുന്ന അതിജീവനത്തിൻ്റെ ജീവിത നടനം തീവ്രമായി ആവിഷ്ക്കരിച്ച ഭാഷ അനുശ്രീയുടെ കവിതയെ മികച്ചതാക്കുന്നുവെന്ന് ജൂറി അംഗമായിരുന്ന ഡോ. എ ജി ഒലീന അഭിപ്രായപ്പെട്ടു. പുതിയ എഴുത്തുകാർ വലിയ പ്രതീക്ഷ തരുന്നുവെന്നും മലയാള കവിതയിലെ യുവത്വത്തിൻ്റെ ശക്തമായ പ്രതിനിധാനങ്ങളെ മത്സരത്തിനെത്തിയ പല കവിതകളിലും കാണാനായിയെന്നും ജൂറി ചെയർമാൻ എം എം നാരായണൻ പറഞ്ഞു.
ജൂലൈ 9 ഞായറാഴ്ച വൈകിട്ട് 4ന് ആലപ്പുഴ കലവൂരിൽ നടക്കുന്ന എം എൻ കുറുപ്പ് അനുസ്മരണ സമ്മേളനത്തിൽ നോവലിസ്റ്റ് എസ് ഹരീഷ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പുരസ്കാരം സമ്മാനിക്കും. പുരോഗമന കലാ സാഹിത്യ സംഘം മാരാരിക്കുളം ഏരിയ പ്രസിഡന്റ് സി കെ എസ് പണിക്കർ അധ്യക്ഷനാകും. കലാ സാംസ്ക്കാരിക മേഖലകളിൽ പ്രതിഭ തെളിയിച്ച നാടിന്റെ കലാകാരൻമാർക്ക് വേദിയിൽ വെച്ച് കേരളത്തിൻ്റെ വിപ്ലവ ഗായിക പി കെ മേദിനി ആദരവുകൾ നൽകും.