കൊച്ചി
ടിക്കറ്റുണ്ടായിട്ടും യാത്ര വിലക്കിയ വിമാനക്കമ്പനി യാത്രക്കാരന് കോടതിച്ചെലവടക്കം ഏഴരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃകോടതിയുടെ ഉത്തരവ്. കേരള ഹൈക്കോടതി ജഡ്ജി ബെച്ചു കുര്യൻ തോമസ് ഖത്തർ എയർവെയ്സിനെതിരെ 2018ൽ നൽകിയ പരാതിയിലാണ് ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃകോടതിയുടെ ഉത്തരവ്.
ബെച്ചു കുര്യൻ തോമസ് ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനായിരിക്കെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 2018ൽ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് സ്കോട്ട്ലാൻഡിലേക്ക് യാത്ര ചെയ്യാനായി അദ്ദേഹവും സുഹൃത്തുക്കളും നാലുമാസംമുമ്പുതന്നെ ടിക്കറ്റെടുത്തിരുന്നു. കൊച്ചിയിൽനിന്ന് ദോഹയിലേക്കും അവിടെനിന്ന് എഡിൻബറോയിലേക്കും വിമാനക്കമ്പനി ടിക്കറ്റ് നൽകി. എന്നാൽ, ഓവർബുക്കിങ്ങിന്റെ കാരണം പറഞ്ഞ് ദോഹയിൽനിന്ന് എഡിൻബറോയിലേക്കുള്ള യാത്ര വിലക്കി. യാത്ര നിഷേധിച്ചതിലൂടെ ധാരാളം ബുദ്ധിമുട്ടും നഷ്ടവും ഉണ്ടായെന്നു ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. മാത്രമല്ല, വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പരാതിക്കാരന്റെ വാദവും കോടതി അംഗീകരിച്ചു. നഷ്ടപരിഹാരത്തുക 30 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നും അല്ലെങ്കിൽ തുക കൈമാറുന്നതുവരെ ഒമ്പതു ശതമാനം പലിശകൂടി നൽകണമെന്നും ഉത്തരവിലുണ്ട്.