തിരുവനന്തപുരം
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ആദ്യബാച്ചിലെ 104 ഉദ്യോഗസ്ഥർ ചൊവ്വമുതൽ കർമപഥത്തിൽ. 18 മാസത്തെ പരിശീലനം പൂർത്തിയാക്കിയാണ് വിവിധ തസ്തികയിൽ ഇവരെത്തുന്നത്. തിങ്കൾ വൈകിട്ടാണ് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. ജനങ്ങളിലേക്ക് സർക്കാർ സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലുമെത്താൻ കെഎഎസ് ഉദ്യോഗസ്ഥരുടെ നിയമനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരളത്തിന്റെ 60 വർഷത്തെ കാത്തിരിപ്പാണ് ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിക്കുന്നതോടെ അവസാനിക്കുന്നത്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കെഎഎസ്.
നിയമനം ലഭിച്ചവരിൽ 12 പേർ ഡെപ്യൂട്ടി കലക്ടർമാരാകും. പത്തുപേർ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരാകും. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽപേർ നിയമിതരായത് 36 പേർ. അതിൽ 17 പേർ സെക്രട്ടറിയറ്റിലെ വിവിധവകുപ്പിലാണ്. ജില്ലാ ഭാഗ്യക്കുറി ഓഫീസർമാരായി രണ്ടുപേർക്ക് നിയമനം ലഭിച്ചു. പത്തുപേർ തദ്ദേശവകുപ്പിലും സംസ്ഥാന ജിഎസ്ടി വകുപ്പിൽ 12 പേർ ഡെപ്യൂട്ടി കമീഷണർമാരായി.
ജില്ല, നിയമനം എന്ന ക്രമത്തിൽ: തിരുവനന്തപുരം–- 36, കൊല്ലം–- 4, പത്തനംതിട്ട–- 2, ആലപ്പുഴ—–- 2, കോട്ടയം–- 5, ഇടുക്കി–- 4, എറണാകുളം–- 8, തൃശൂർ–- 5, പാലക്കാട്–- 4, മലപ്പുറം–- 4, കോഴിക്കോട്–- 11, വയനാട്–- 4, കണ്ണൂർ–- 6, കാസർകോട്–- 9.