കണ്ണൂർ> പുനർജനിയിൽ നിർമിച്ച വീടുകളുടെ പട്ടിക പുറത്തുവിടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രണ്ട് ഏജൻസികൾ അന്വേഷിക്കുന്ന കാര്യം പുറത്തുവിടാനാവില്ല. അന്വേഷണം നടക്കുന്ന ഘട്ടമായതിനാൽ പുനർജനിയുടെ കാര്യം ഇപ്പോൾ പുറത്തുപറയാനാവില്ല. വിജിലൻസിനും ഇഡിക്കും ഇതുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ നൽകും. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സതീശൻ.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പുനർജനിയുമായി ബന്ധപ്പെട്ട് എട്ട് പേജ് പത്രം അടിച്ചിറക്കി എല്ലാവർക്കും നൽകിയയിരുന്നു. ഇതിൽ അതുവരെ നൽകിയ വീടുകളുടെ വിവരമുണ്ട്. ആരും പരാതി പറഞ്ഞിട്ടില്ല. എന്റെ അക്കൗണ്ടിൽ ഇതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളുമുണ്ട്. അന്വേഷണം കഴിഞ്ഞാൽ മാത്രമെ അത് പുറത്തുപറയൂവെന്നും സതീശൻ വ്യക്തമാക്കി.
ഏക സിവിൽ കോഡ് മുസ്ലിങ്ങളുടെ മാത്രം പ്രശ്നമായി ഒരുക്കരുത്. ഈ പ്രശ്നത്തിൽ ബിജെപിയെ പോലെ സിപിഐ എമ്മും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് വക്തതാവ് ജയറാം രമേഷ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം ലീഗും അവരുടെ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രക്ഷോഭം നടത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു.