കൊച്ചി > സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ അധിക്ഷേപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിവിൽ കോഡ് വിഷയത്തിൽ ലീഗ് ഉൾപ്പെടെയുള്ള പാർടികളെ സമരത്തിന് ക്ഷണിച്ച വിഷയത്തെപ്പറ്റി മറുപടി ചോദിച്ച മാധ്യമപ്രവർത്തകരോടാണ് എം വി ഗോവിന്ദനെ അധിക്ഷേപിക്കുന്ന തരത്തിൽ സുധാകരൻ സംസാരിച്ചത്. ഗോവിന്ദനോട് മറുപടി പറയാനില്ലെന്നും അദ്ദേഹത്തിന് തലയ്ക്കെന്തെങ്കിലും അസുഖമുണ്ടോ എന്ന് ചോദിക്കണമെന്നുമായിരുന്നു സുധാകരന്റെ മറുപടി.
‘ഗോവിന്ദന്റെ വാക്കിന് മറുപടിയില്ല. അതിന് മറുപടി അർഹിക്കുന്നില്ല. എന്ത് ലക്ഷ്യം വെച്ചാണ് ഗോവിന്ദൻ അങ്ങനെയൊരു പരാമർശം നടത്തിയതെന്നറിയില്ല. തലയ്ക്കെന്തെങ്കിലും അസുഖമുണ്ടോ എന്ന് കൂടി ചോദിക്കണം. ലീഗും അവരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ. പിന്നെന്തിന് ലീഗിന്റെ കാര്യം കൂട്ടിക്കെട്ടണം?’; എന്നായിരുന്നു സുധാകരന്റെ മറുപടി.