ലോർഡ്സ്
ഓസ്ട്രേലിയയെ മണിക്കൂറുകൾ ഭയപ്പെടുത്തിയ തീക്കാറ്റായി ലോർഡ്സിൽ ബെൻ സ്റ്റോക്സ്. ആഷസ് രണ്ടാംക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഒറ്റയ്ക്ക് തോളേറ്റിയ വീരൻ. എന്നാൽ, ആ തീക്കാറ്റണച്ച് ഓസീസ് ആഷസ് പരമ്പരയിലെ രണ്ടാംജയം സ്വന്തമാക്കി. ഓസീസ് ജയത്തിനിടയിലും സ്റ്റോക്സിന്റെ ഒറ്റയാൾപോരാട്ടം തിളങ്ങിനിന്നു.
ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞ കളിയിൽ 43 റണ്ണിനാണ് ഓസീസിന്റെ ജയം. നാല് ടെസ്റ്റ് പരമ്പരയിൽ 2–-0ന് പാറ്റ് കമ്മിൻസും സംഘവും മുന്നിലെത്തി. സ്റ്റോക്സ് 155 റണ്ണെടുത്താണ് പുറത്തായത്.
സ്കോർ: ഓസ്ട്രേലിയ 416, 279; ഇംഗ്ലണ്ട് 325, 327.
ജയിക്കാൻ 371 റണ്ണായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. അഞ്ചാംദിനം 4–-114 റണ്ണെന്ന നിലയിലാണ് ഇംഗ്ലണ്ട് കളി ആരംഭിച്ചത്. സ്റ്റോക്സിലായിരുന്നു ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. ഓസീസ് ഭയന്നതും ഇംഗ്ലീഷ് ക്യാപ്റ്റനെയായിരുന്നു. ഇംഗ്ലണ്ടിന് 257 റണ്ണും ഓസീസിന് ആറ് വിക്കറ്റുമായിരുന്നു ലക്ഷ്യം.
സ്റ്റോക്സും ബെൻ ഡക്കെറ്റും ആത്മവിശ്വാസത്തോടെ തുടങ്ങി. 4–-45 എന്ന നിലയിൽ ഒത്തുചേർന്ന ഇരുവരും ഇംഗ്ലണ്ടിന് പ്രതീക്ഷയുടെ ചിറകുകൾ നൽകി. 112 പന്തിൽ 83 റണ്ണെടുത്ത ഡക്കെറ്റിനെ ജോഷ് ഹാസെൽവുഡിന്റെ പന്തിൽ അലെക്സ് കാരി കൈയിലൊതുക്കുമ്പോൾ ഇംഗ്ലണ്ടിന്റെ സ്കോർ 5–-177. ജയത്തിന് 194 റണ്ണകലെ.
സ്റ്റോക്സ് കളംപിടിക്കാൻ തുടങ്ങുന്ന സമയം. കൂട്ടിനെത്തിയത് ജോണി ബെയർസ്റ്റോ. നിർഭയ ക്രിക്കറ്റിന്റെ വക്താക്കളായ ഇംഗ്ലണ്ട് ജയത്തിലേക്ക് ഉറപ്പിച്ചാണ് നീങ്ങിയത്. അതിനിടെയാണ് കാരിയുടെ വിവാദ സ്റ്റമ്പിങ്ങിൽ ബെയർസ്റ്റോ പുറത്താകുന്നത്.
10 റണ്ണായിരുന്നു ഈ വിക്കറ്റ് കീപ്പറുടെ സമ്പാദ്യം. കളത്തിൽ സ്റ്റോക്സ് ഒറ്റപ്പെട്ടു. കൂടെയുള്ളത് ബൗളർമാർമാത്രം. ബെയർസ്റ്റോയെ ചതിച്ചുവീഴ്ത്തിയതെന്ന് ഇംഗ്ലീഷ് ആരാധകരുടെ ആക്രോശങ്ങളുയർന്നു. ഇംഗ്ലീഷ് ക്യാപ്റ്റൻ പിന്നെ തിരിഞ്ഞുനോക്കിയില്ല. 126 പന്തിൽ 62 റണ്ണായിരുന്നു ആ സമയം സ്കോർ. ഓസീസ് ബൗളർമാരെ നിലയുറപ്പിക്കാൻ സമ്മതിച്ചില്ല. കാമറൂൺ ഗ്രീനിനെ തുടർച്ചയായ മൂന്ന് സിക്സർ പറത്തിയാണ് സെഞ്ചുറി പൂർത്തിയാക്കിയത്. പിന്നെ ലോർഡ്സിൽ സിക്സറുകൾ പെയ്തു. സ്റ്റുവർട്ട് ബ്രോഡിനെ ഒരറ്റത്ത് നിർത്തി ക്യാപ്റ്റൻ ആഞ്ഞടിച്ചു. ഇതിനിടെ കമ്മിൻസും സ്റ്റീവൻ സ്മിത്തും ക്യാച്ചുകൾ പാഴാക്കി. അതൊന്നും പക്ഷെ സ്റ്റോക്സിന്റെ പോരാട്ടത്തിന്റെ മാറ്റ് കുറയ്ക്കുന്നില്ല. ഒടുവിൽ ജയത്തിന് 70 റൺ വേണ്ടിയിരിക്കെ ജോഷ് ഹാസെൽവുഡിന്റെ ഷോർട്ട് പിച്ച് പന്തിൽ സ്റ്റോക്സിന് പിഴച്ചു. കാരിക്ക് ക്യാച്ച്. 214 പന്തുകൾ നേരിട്ട ആ ഇന്നിങ്സിൽ ഒമ്പതുവീതം സിക്സറും ഫോറും ഉൾപ്പെട്ടു.
ഓസീസിന് അധികം അധ്വാനിക്കേണ്ടിവന്നില്ല പിന്നെ. ജോഷ് ടങ് (19) ചെറുതായി പൊരുതെയെങ്കിലും മിച്ചെൽ സ്റ്റാർക്കിന്റെ കൃത്യതയുള്ള പന്തിൽ അതും അവസാനിച്ചു. ഈ മാസം ആറിന് ഹെഡിങ്ലിയിലാണ് മൂന്നാംടെസ്റ്റ്.