ബുലവായോ
ശ്രീലങ്ക ഏകദിന ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടി. സൂപ്പർ സിക്സ് യോഗ്യതാ റൗണ്ടിൽ തുർച്ചയായ രണ്ടാംജയം നേടിയാണ് ദസുൺ ഷനകയും കൂട്ടരും ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ലോകപോരാട്ടത്തിന് ടിക്കറ്റെടുത്തത്. സിംബാബ്വെയെ ഒമ്പത് വിക്കറ്റിന് തകർത്താണ് മുന്നേറ്റം. നാല് വിക്കറ്റെടുത്ത മഹീഷ് തീക്ഷണയും സെഞ്ചുറി നേടിയ പതും നിസങ്കയുമാണ് ജയം സമ്മാനിച്ചത്. ആകെ എട്ട് പോയിന്റാണ് ലങ്കയ്ക്ക്. സൂപ്പർ സിക്സിൽ നെതർലൻഡ്സിനെയും സിംബാബ്വെയും തോൽപ്പിച്ചപ്പോൾ മറ്റ് ടീമുകളായ സ്കോട്ട്ലൻഡിനെയും ഒമാനെയും ഗ്രൂപ്പ് ഘട്ടത്തിലും കീഴടക്കിയിരുന്നു. ഇതുൾപ്പെടെയാണ് എട്ട് പോയിന്റ്.
യോഗ്യതാഘട്ടത്തിൽനിന്ന് ലോകകപ്പിനെത്തുന്ന ആദ്യ ടീമാണ് ലങ്ക. ഇനിയുള്ള ഒരു സ്ഥാനത്തിനായി സിംബാബ്വെയും സ്കോട്ട്ലൻഡും തമ്മിലാണ് മത്സരം. ഇരു ടീമുകളും നാളെ നേരിട്ട് ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്നവർ മുന്നേറും.
സ്വന്തം നാട്ടിൽ മികച്ച പ്രകടനവുമായി കുതിക്കുകയായിരുന്ന സിംബാബ്വെയെ സ്പിൻ കരുത്തിലാണ് ലങ്ക തളച്ചത്. ടോസ് നേടി എതിരാളിയെ ബാറ്റിങ്ങിന് വിട്ടു. ഒരിക്കൽപ്പോലും ക്രീസിൽ നിലയുറപ്പിക്കാൻ സിംബാബ്വെ ബാറ്റർമാർക്കായില്ല. കഴിഞ്ഞ രണ്ട് കളിയിലും സെഞ്ചുറി കുറിച്ച സൂപ്പർതാരം ഷോൺ വില്യംസ് (57 പന്തിൽ 56) പൊരുതിയെങ്കിലും കൂട്ടിനാളുണ്ടായില്ല. സിക്കന്ദർ റാസയുമൊന്നിച്ച് (51 പന്തിൽ 31) കൂട്ടുകെട്ട് പടുത്തുയർത്താൻ ശ്രമിച്ചെങ്കിലും അധികം നീണ്ടില്ല. 8.2 ഓവറിൽ ഒരു മെയ്ഡനുൾപ്പെടെ 25 റൺ വിട്ടുനൽകിയാണ് തീക്ഷണ നാല് വിക്കറ്റ് കൊയ്തത്. ദിൽഷൺ മധുഷങ്ക മൂന്ന് വിക്കറ്റും നേടി.
ലങ്കയുടെ മറുപടി അനായാസമായിരുന്നു. നിസങ്ക ആദ്യംതന്നെ കളംപിടിച്ചു. 102 പന്തിൽ പുറത്താകാതെ 101 റൺ. 14 ബൗണ്ടറി ആ ഇന്നിങ്സിൽ ഉൾപ്പെട്ടു. കുശൽ മെൻഡിസ് 25 റണ്ണുമായി പുറത്താകാതെനിന്നു. ദിമുത് കരുണരത്നെയെ (56 പന്തിൽ 30) മാത്രമാണ് നഷ്ടമായത്. സ്കോർ: സിംബാബ്വെ 165 (32.2), ലങ്ക 1–-169 (33.1). അവസാന കളിയിൽ വെള്ളിയാഴ്ച്ച വെസ്റ്റിൻഡീസിനെ നേരിടും. രണ്ടുതവണ ലോകചാമ്പ്യൻമാരായ വിൻഡീസ് ഇതിനകം പുറത്തായി.