ലക്നൗ > ഉത്തർപ്രദേശിൽ ആറ് വയസുകാരനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചു കൊന്നു. സംഭവത്തിൽ മരിച്ച കുട്ടിയുടെ സുഹൃത്ത് കൂടിയായ 13കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് വയസ്സുകാരൻ യുഗ് യാദവാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് അച്ഛൻ നടത്തിയ അന്വേഷണത്തിലാണ് ഇഷ്ടിക കൊണ്ട് തലയ്ക്ക് അടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്.
മരിച്ച കുട്ടിയും പ്രതിയായ കുട്ടിയും ഒരേ ഗ്രാമത്തിലുള്ളവരാണ്. ഉറ്റ സുഹൃത്തുക്കളുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പ്രതി ലഹരിയുടെ പുറത്ത് കൊല ചെയ്തതാണോ മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടായ ശേഷം കൊല ചെയ്യപ്പെട്ടതാണോ എന്ന കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.