തിരുവനന്തപുരം
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വിഭാഗീയതയും ഗ്രൂപ്പ് പ്രവർത്തനങ്ങളും തെരുവ് യുദ്ധത്തിലേക്ക് നീളുന്നു. തിരുവനന്തപുരത്തും എറണാകുളത്തും യൂത്ത് കോൺഗ്രസുകാർ തമ്മിലടിച്ച് ആശുപത്രിയിലാകുന്ന സാഹചര്യമുണ്ടായി.
തിരുവനന്തപുരം കഴക്കൂട്ടത്ത് കഴിഞ്ഞ ദിവസം എ ഗ്രൂപ്പ് നേതാവ് വിനോദിനെ കാണാൻ അതേ ഗ്രൂപ്പുകാരനായ കെപിസിസി സെക്രട്ടറി എ എച്ച് ഗോപകുമാറും നിലവിലെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അജിത്തും പുല്ലാട്ടുകരി ലക്ഷംവീട് കോളനിയിൽ എത്തിയപ്പോഴായിരുന്നു സംഘർഷം. മർദനത്തിൽ ഗോപകുമാറിന് പരിക്കേറ്റു. എറണാകുളം കുന്നത്തുനാട്ടിൽ സംഘടനാ പോരിന്റെ ചുവടുപിടിച്ച് എ, ഐ ഗ്രൂപ്പുകൾ ഏറ്റുമുട്ടി. എ വിഭാഗക്കാരനായ ജില്ലാ പ്രസിഡന്റ് സ്ഥാനാർഥി ഐ ഗ്രൂപ്പിന്റെ മണ്ഡലം സെക്രട്ടറി സ്ഥാനാർഥിയെ തല്ലിച്ചതച്ചെന്നാണ് പരാതി. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പിന്തുണയിലാണ് ഗ്രൂപ്പ് പ്രവർത്തനവും വോട്ടുപിടി ത്തവും.
വൻതോതിൽ പണമിറക്കി യൂത്ത് കോൺഗ്രസ് അംഗത്വം നൽകിയാണ് വോട്ട് ഉറപ്പിക്കുന്നത്. ക്വാറി, റിയൽ എസ്റ്റേറ്റ് മാഫിയകളിൽനിന്ന് വ്യാപകമായ പണപ്പിരിവ് നടക്കുന്നതായി പാര്ടിക്കുള്ളിൽത്തന്നെ ആക്ഷേപമുയരുന്നുണ്ട്. ലഹരി ബന്ധമുള്ളവരിൽനിന്നുവരെ പണം പിരിച്ചെന്ന ആക്ഷേപവുമുണ്ട്. യൂത്ത് കോൺഗ്രസ് അംഗങ്ങളെ ചേർത്ത വകയിൽമാത്രം ഒരു കോടി രൂപയോളം യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടിൽ ഇതിനകം എത്തിയിട്ടുണ്ട്. കൂടുതൽ പണം ചെലവഴിക്കാൻ കഴിയുന്നവർ ഭാരവാഹി സ്ഥാനത്ത് എത്തുമെന്ന സാഹചര്യമാണുള്ളത്. ഇതാണ് മാഫിയകളിൽനിന്നടക്കം ലക്ഷങ്ങൾ പിരിച്ച് പണം കണ്ടെത്താൻ കാരണമായി പറയു ന്നത്.