മഹാരാഷ്ട്രയിൽ ജനാധിപത്യം ആവർത്തിച്ച് കൊല ചെയ്യപ്പെട്ടിരിക്കുന്നു. 2019ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിനുശേഷം ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാമത്തെ ജനാധിപത്യ ഹത്യയാണ് ഇത്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻതന്നെ ഭൂരിപക്ഷമില്ല എന്നറിഞ്ഞിട്ടും എൻസിപിയിലെ അജിത് പവാർ വിഭാഗത്തെ കൂടെനിർത്തി ബിജെപി നേതാവായ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ രൂപീകരിച്ചെങ്കിലും 80 മണിക്കൂറിനകം ആ സർക്കാർ നിലംപൊത്തി. അന്നും ഉപമുഖ്യമന്ത്രിയായാണ് അജിത് പവാർ സത്യപ്രതിജ്ഞ ചെയ്തത്. മറ്റൊരു അട്ടിമറിനീക്കത്തിലൂടെ അജിത് പവാർ നാലുവർഷംമുമ്പ് നഷ്ടപ്പെട്ട പദവിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. എൻസിപി സ്ഥാപകനും നേതാവുമായ ശരദ് പവാറിന്റെ മരുമകൻ കൂടിയായ അജിത്പവാറിന്റെ അധികാരമോഹവും ഇപ്പോഴത്തെ അട്ടിമറി എളുപ്പമാക്കാൻ ബിജെപിയെ സഹായിച്ചു.
ജനങ്ങളുടെ പിന്തുണ നേടി അധികാരത്തിൽ വരാൻ കഴിയാതിരുന്ന ബിജെപി രാഷ്ട്രീയ എതിർപക്ഷത്തെ പിളർത്തി അധികാരം ഉറപ്പിക്കുകയാണ്. ആദ്യം ശിവസേനയെ പിളർത്തി ഏക്നാഥ് ഷിൻഡെ വിഭാഗത്തെ കൂടെനിർത്തി അധികാരത്തിലെത്തിയ ബിജെപി ഇപ്പോൾ എൻസിപിയെ പിളർത്തി അജിത് പവാർ വിഭാഗത്തെ ചേർത്തുനിർത്തി അധികാരം ഉറപ്പിച്ചിരിക്കുകയാണ്. 53 അംഗങ്ങളുള്ള എൻസിപിയിൽ 30 പേരും തങ്ങൾക്കൊപ്പമാണെന്നാണ് അജിത് പവാർ വിഭാഗം അവകാശപ്പെടുന്നത്. പാർടിയുടെ വർക്കിങ് പ്രസിഡന്റുമാരിൽ ഒരാളും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേലും അജിത് പവാറിന്റെ ഒപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്. എൻസിപിയിൽ അടുത്തിടെയുണ്ടായ പാർടി പുനഃസംഘടനയിൽ തഴയപ്പെട്ടുവെന്ന വികാരം അജിത് പവാർ പ്രകടിപ്പിച്ചിരുന്നു. അത് മുതലെടുത്താണ് ബിജെപിയും ഷിൻഡെ വിഭാഗവും അജിത് പവാറിനെ പദവികളും പ്രലോഭനങ്ങളും നൽകി കൂടെനിർത്തിയത്. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും കൂറുമാറിയ എട്ടുപേർക്ക് മന്ത്രിസ്ഥാനവും നൽകിയാണ് അട്ടിമറിക്ക് വഴിയൊരുക്കിയത്. ബാക്കിയുള്ളവർക്ക് പ്രതീക്ഷ നഷ്ടപ്പെടാതിരിക്കാൻ അടുത്തുതന്നെ മന്ത്രിസഭ വികസിപ്പിക്കുമെന്ന് അജിത് പവാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പുതിയ നീക്കം ഷിൻഡെ വിഭാഗത്തിൽ അസ്വാരസ്യം സൃഷ്ടിക്കുമെന്നുറപ്പ്. മന്ത്രിസ്ഥാനം മോഹിക്കുന്ന ഷിൻഡെ വിഭാഗത്തിലെ എംഎൽഎമാരുടെ അവസരമാണ് അജിത് പവാർ വിഭാഗം തട്ടിയെടുത്തിട്ടുള്ളത്. സ്വാഭാവികമായും ഷിൻഡെ ക്യാമ്പിൽ അമർഷം പുകയുമെന്ന് വിലയിരുത്തപ്പെടുന്നു.
വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനും മറ്റും ഇഡി ഉൾപ്പെടെ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുള്ള നേതാക്കളാണ് അജിത് പവാർ അടക്കമുള്ളവർ. കേന്ദ്ര ഭരണകക്ഷിക്ക് സർക്കാരുണ്ടാക്കാനും ആളെക്കൂട്ടാനുമുള്ള ഉപകരണങ്ങളായി മോദി സർക്കാരിന്റെ കീഴിൽ അന്വേഷണ ഏജൻസികളും മാറിയിരിക്കുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണംകൂടിയാണ് മഹാരാഷ്ട്രയിലെ അട്ടിമറി.
ജനങ്ങൾ അധികാരം തന്നില്ലെങ്കിൽ വളഞ്ഞ വഴിയിലൂടെ അത് നേടുകയെന്നതാണ് ബിജെപിയുടെ രീതി. നേരത്തേ കർണാടകത്തിലും മധ്യപ്രദേശിലും ഭൂരിപക്ഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കണ്ടതും അതാണ്. പാർടിയെ പിളർത്തിയും നേതാക്കളെ അടർത്തിയെടുത്തും അധികാരം നേടുകയെന്ന രീതിയാണത്. എന്നാൽ, അടുത്തിടെ കർണാടകത്തിലെ ജനങ്ങൾ ബിജെപിയുടെ ഈ രീതി ആവർത്തിക്കാൻ കഴിയാത്തവിധമുള്ള ജനവിധിയാണ് നൽകിയത്.
ഇന്ത്യ ജനാധിപത്യത്തിന്റെ ക്ഷേത്രവും മാതാവുമാണെന്ന് വിദേശരാജ്യങ്ങളിൽ പ്രസംഗിക്കുന്ന പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർടിയുമാണ് ജനാധിപത്യത്തെ അരുംകൊല ചെയ്യുന്നത്. മഹാരാഷ്ട്രയിൽ സർക്കാർ ഉണ്ടാക്കിയത് ഭരണഘടനാവിരുദ്ധമായ രീതിയിലാണെന്ന സുപ്രീംകോടതിയുടെ അഭിപ്രായംപോലും കാറ്റിൽപ്പറത്തിയാണ് പുതിയ അട്ടിമറി നടത്തിയിട്ടുള്ളത്. മണിപ്പുർ കത്തിയമരുമ്പോഴാണ് അവിടെ സമാധാനം സ്ഥാപിക്കാൻ ബാധ്യതപ്പെട്ട ബിജെപി അതിനു ശ്രമിക്കാതെ മഹാരാഷ്ട്രയിൽ അട്ടിമറി നടത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.