പൂഞ്ഞാർ > നോക്കത്താ ദൂരം നീലമലകളുടെ അവസാനിക്കാത്ത നിര. സമീപപട്ടണങ്ങളുടെയടക്കം വിസ്തൃത കാഴ്ച. തൊട്ടടുത്ത് അഗാധമായ ഇരുണ്ട താഴ്വാരം. ത്രസിപ്പിക്കുന്ന കാറ്റ്. കോടമഞ്ഞിന്റെ സാന്നിധ്യം കൂടിയുണ്ടെങ്കിൽ ഓർമയിൽ എന്നും തിളങ്ങി നിൽക്കും ഈ അനുഭവം… ഇത് സഞ്ചാരികൾക്ക് മനോഹര കാഴ്ചയൊരുക്കി കാത്തിരിക്കുന്ന തേയിലപ്പാറ.
മേലുകാവ് കാഞ്ഞിരം കവലയിൽനിന്ന് 10 മിനിറ്റുകൊണ്ട് വാഹനത്തിൽ ഇവിടെ എത്താം. ഇലവീഴാ പൂഞ്ചിറയിലേക്ക് പോകുന്ന വഴിയിലൂടെ പോയി, പൂഞ്ചിറയ്ക്ക് തിരിയാതെ മൂന്നിലവ് റോഡിലൂടെ രണ്ടു കിലോമീറ്റർ പോയാൽ മനോഹരമായൊരു വ്യൂപോയിന്റിലെത്തും; മോസ്കോ. ഇവിടെ കാഴ്ചകളാസ്വദിച്ച് 500 മീറ്ററോളം കോൺക്രീറ്റ് വഴിയിറങ്ങണം തേയിലപ്പാറയിലേക്ക്. നടക്കാൻ മടിയെങ്കിൽ കാറിലോ ഇരുചക്രവാഹനങ്ങളിലോ പോകാം. ഇവിടെനിന്ന് മനോഹര ദൃശ്യങ്ങളുടെ വിശാലതയിലേക്ക് നടന്നുതന്നെ ഇറങ്ങണം.
പാറകളുടെ വിടവിലൂടെയുള്ള ഇറക്കത്തിൽ ഓരോ ചുവടിലും ശ്രദ്ധ വേണം. ഒടുവിൽ പാറയിൽ കൊത്തിയ പടവുകളിറങ്ങി ലക്ഷ്യസ്ഥാനത്ത് എത്താം. ആൾത്തിരക്കില്ലാതെ പ്രിയപ്പെട്ടവർക്കൊപ്പം രസകരമായി സമയം ചെലവിടാൻ ഗംഭീരമായൊരിടം. വെയിൽ ചാഞ്ഞു തുടങ്ങിയാൽ കാഴ്ചകളുടെ ചാരുതയേറും. ഭക്ഷണവും വെള്ളവും വേണമെങ്കിൽ കരുതണം. മനോഹര കാഴ്ചകൾകൊണ്ട് സമ്പന്നമെങ്കിലും പാറയുടെ അരികുകളിൽ അഗാധമായ താഴ്വാരമാണ്. സുരക്ഷാ വേലികളോ മറ്റ് നിയന്ത്രണങ്ങളോ ഇല്ല. സ്വയം നിയന്ത്രിക്കണം.