മലയാളത്തിലെ ആദ്യ വെബ് സീരീസ് എന്ന അവകാശവാദവുമായി എത്തിയ ‘കേരള ക്രൈം ഫയൽസ്: ഷിജു, പാറയിൽ വീട്, നീണ്ടകര’ പ്രേക്ഷക സ്വീകാര്യത നേടി. കൊലപാതകക്കേസിൽ പ്രതിയെ തേടിയുള്ള പൊലീസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സീരീസ് സംവിധാനം ചെയ്തത് അഹ്മ്മദ് കബീറാണ്. തിരക്കഥയൊരുക്കിയത് മലപ്പുറം വളാഞ്ചേരി സ്വദേശിയായ ആഷിക് ഐമറാണ്. തിരക്കഥാകൃത്ത് ആഷിക് സംസാരിക്കുന്നു:
ജോണർ മാറ്റം ആഗ്രഹം
ഒരേ ജോണറിൽത്തന്നെ സിനിമ ചെയ്യരുത് എന്നുണ്ടായിരുന്നു. മധുരത്തിനുശേഷം തമാശ സിനിമയോ ത്രില്ലറോ എഴുതാനായിരുന്നു ആലോചന. അപ്പോഴാണ് ഒടിടിക്കായി വെബ് സീരീസ് ചെയ്യാനുള്ള അവസരം. അങ്ങനെയാണ് കേരള ക്രൈം ഫയൽസ് ചെയ്യുന്നത്. ലോഹിതദാസിന്റെ വിക്കിപീഡിയ പേജ് എടുത്തുനോക്കിയാൽ അതൊരു സൂപ്പർ മാർക്കറ്റ് പോലെയാണ്. അവിടെ എല്ലാം കിട്ടും. തനിയാവർത്തനം, കൗരവർ ഒക്കെ ചെയ്തത് ലോഹിതദാസ് ആണല്ലോ. അതുപോലെ ചെയ്യുന്ന സിനിമകളുടെ ജോണറിൽ മാറ്റംവേണം. സിഐഡി മൂസ മുതൽ പഥേർ പാഞ്ചാലി വരെ എല്ലാ സിനിമയും കാണുന്ന ഒരാളാണ്. ഫീൽ ഗുഡ് സിനിമകളിൽത്തന്നെ ഇനിയും ചെയ്യാൻ കഴിയുന്ന സംഭവങ്ങളുണ്ട്.
എല്ലാവർക്കും സ്വീകാര്യം
എല്ലാവർക്കും സ്വീകാര്യമാകുന്ന രീതിയിൽ ത്രില്ലർ ഒരുക്കാനാണ് ശ്രമിച്ചത്. വലിയ സസ്പെൻസുകളും ട്വിസ്റ്റുകളും ഒന്നുമില്ലാതെ സാധാരണരീതിയിൽ കഥ പറയാനാണ് ഉദ്ദേശിച്ചത്. കേൾക്കുമ്പോൾ തന്നെ ഇതിൽ അന്വേഷിക്കാൻ എന്താണുള്ളത് എന്നുതോന്നുന്ന ഒരു കേസ്. പ്രേക്ഷകനെ പതിയെ ഇതിനകത്തേക്ക് കൊണ്ടുവരുന്ന ഒരു രീതിയിലാണ് എഴുതിയത്. അവർ എത്തിക്കഴിഞ്ഞാൽ സീരീസ് സ്വീകരിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നു. കെ ജി ജോർജ് ത്രില്ലറുകൾ ഒരുക്കുമ്പോൾ അതിൽ വൈകാരികമായി ആളുകളെ ബന്ധിപ്പിക്കാറുണ്ട്. അതുപോലെ കഥാപാത്രങ്ങളിലൂടെ അവരുടെ വൈകാരികതയിൽ ഊന്നിയാണ് കഥ പറയുന്നത്. ഇതിൽ കൊല്ലപ്പെടുന്ന സ്വപ്നയെന്ന ലൈംഗിക തൊഴിലാളിയെ അംഗീകരിക്കുന്ന തരത്തിലേക്ക് സമൂഹം വളർന്നിട്ടില്ല. അതിനാൽ കഥ പറച്ചിലിനായി മറ്റു കഥാപാത്രങ്ങളെക്കൂടി ഉപയോഗിച്ചിട്ടുണ്ട്.
കഥാപാത്രങ്ങളിലൂടെയുള്ള കഥ പറച്ചിൽ
ഒടിടി സജീവമായതോടെ ആളുകളിലേക്ക് സീരീസ് ഒക്കെ എത്താൻ തുടങ്ങി. മണി ഹീസ്റ്റ് പോലുള്ളവയ്ക്ക് ഒക്കെ വലിയ സ്വീകാര്യത ലഭിച്ചു. എന്നാൽ, വലിയ വിഭാഗം ആളുകളിലേക്ക് ഇനിയും എത്താനുണ്ട്. എല്ലാവരിലേക്കും എത്തിക്കുക എന്നൊരു ലക്ഷ്യംകൂടി മുൻനിർത്തിയാണ് കേരളാ ഫയൽസ് ചെയ്തത്. അതുകൊണ്ടാണ് 30 മിനിറ്റിൽ ഒതുങ്ങുന്ന ആറ് എപ്പിസോഡായി ചെയ്തത്. എപ്പിസോഡുകൾ ഒരു 40 മിനിറ്റ് ഒക്കെ വേണമെന്നുണ്ടായിരുന്നു. ഇത്ര സമയം ആളുകൾ കാണുമോ എന്നുണ്ടായിരുന്നു. അതിനാലാണ് സമയം കുറച്ചത്. അതുപോലെ കുറച്ചുകൂടി ഡാർക്കായി ചെയ്യണമെന്നും ഉണ്ടായിരുന്നു. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലാണ് ഓരോ എപ്പിസോഡും. അതിനുവേണ്ടിയുള്ള രംഗങ്ങൾ ഒരുക്കിയിട്ടുണ്ട്. ചെറിയ ഒരിടം ഉപയോഗിച്ച് കഥാപാത്രങ്ങളെ മുൻനിർത്തി മുന്നോട്ടുകൊണ്ടുപോയി.
പൊലീസ് ബാഡ്ജിൽനിന്ന് കഥ
വേറൊരു സിനിമയുടെ എഴുത്തുമായി ബന്ധപ്പെട്ട് കൊച്ചി സെൻട്രൽ സ്റ്റേഷനിൽ പോയപ്പോഴാണ് ഈ കഥയുടെ ആശയം ലഭിക്കുന്നത്. സിഐ വിജയ് ശങ്കറുമായി സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ യൂണിഫോമിൽ ഒരു ബാഡ്ജ് ഓഫ് ഓണർ കണ്ടു. അതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഈ കേസിനെക്കുറിച്ച് പറയുന്നത്. അദ്ദേഹം പറഞ്ഞ സംഭവത്തിൽ താൽപ്പര്യം തോന്നി. യഥാർഥ സംഭവത്തിനൊപ്പം ഫിക്ഷനും ചേർത്താണ് എഴുതിയത്
അഹമ്മദ് കബീറിൽ വിശ്വാസം
ഞാൻ എഴുതുന്നതിനെ ഒരു പടികൂടി മുകളിൽ നിർത്തുന്ന രീതിയിൽ ചെയ്യുമെന്ന കാര്യത്തിൽ അഹമ്മദ് കബീറിൽ എനിക്ക് വിശ്വാസമുണ്ട്. പ്രേക്ഷകരുടെ ആസ്വാദനമൂല്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന ആളുമാണ്. ചിത്രീകരണത്തിന് ഇടയിലായാൽപ്പോലും സംശയങ്ങളുണ്ടായാൽ അത് ഞങ്ങൾക്ക് പെട്ടെന്ന് പരിഹരിക്കാനാകും. കേരളാ ഫയൽസ് എഴുതിയപ്പോൾ സിസിലി എന്ന കഥാപാത്രം എങ്ങനെയാണ് വർക്ക് ഔട്ട് ആകുകയെന്ന് സംശയമുണ്ടായിരുന്നു. എന്നാൽ, അഹമ്മദ് കബീർ കൃത്യമായി വർക്ക് ഔട്ട് ചെയ്തു.