കാഞ്ഞങ്ങാട്> കൂട്ടുകാർക്കൊപ്പം പെരളത്തെ വീണച്ചേരി തോട്ടിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച മുഹമ്മദ് മിദിലാജിന്റെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് വെള്ളിക്കോത്ത്. ശനിയാഴ്ച വൈകീട്ട് 4.30ഓടെ സ്കൂൾ വിട്ടെത്തിയ കുട്ടികൾ തോട്ടിലിറങ്ങിയതോടെയാണ് അപകടമുണ്ടായത്. മറ്റ് നാല് കുട്ടികൾക്കൊപ്പമാണ് മിദിലാജും എത്തിയത്. എല്ലാവരും വെള്ളത്തിലിറങ്ങിയപ്പോൾ നീന്തൽ അറിയാത്ത മിദിലാജും കൂടെ ഇറങ്ങുകയായിരുന്നു.
ചെളി നിറഞ്ഞ കുഴിയിൽ കാല് താഴ്ന്നതോടെ കൂടെയുണ്ടായിരുന്ന കുട്ടികൾ ഓലയും വടിയും ഇട്ടുകൊടുത്തെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് നാട്ടുകാർ വിവരമറിഞ്ഞെത്തി തിരച്ചിൽ നടത്തി പുറത്തെടുക്കുമ്പോഴേക്കും അര മണിക്കൂറോളം സമയം നഷ്ടമായിരുന്നു. കാൽ ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. കാരക്കുഴി സ്വദേശികളും വെള്ളിക്കോത്തെ ബിഎസ്എൻഎൽ ഓഫീസിന് സമീപത്തെ കോർട്ടേഴ്സിൽ താമസിക്കുന്ന മജീദ് -നസീമ ദമ്പതികളുടെ മകനാണ് മിഥിലാജ് (13).
വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം തുടർന്ന് ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം പിതാവിന്റെ നാടായ അതിഞ്ഞാലിലെ പള്ളിയിൽ കബറടക്കും. സഹോദരങ്ങൾ: മനാഫ്, ഫാത്തിമ.