തൃശൂർ> സ്വകാര്യ ബസിൽ കുഴഞ്ഞുവീണ മധ്യവയസ്കന് അടിയന്തര പ്രഥമ ശുശ്രൂഷയിലൂടെ ജീവൻ തിരിച്ചുനൽകി ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർ മാതൃകയായി. തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി യിലെ ഇൻഫെഷ്യസ് ഡിസീസസ് വിഭാഗം അസോസിയറ്റ് പ്രൊഫസർ ഡോ. കെ ആർ രാജേഷാണ് തനിക്കുമുന്നിൽ കുഴഞ്ഞുവീണ് അപകടത്തിലായ ചേർപ്പ് സ്വദേശി രഘു (59) വിന് പുതു ജീവനേകിയത്.
ഇരിങ്ങാലക്കുടയിലെ വീട്ടിൽനിന്ന് രാവിലെ ഗവ. മെഡിക്കൽ കോളേജിലേക്ക് വരുന്നതിനിടെ അശ്വിനി ആശുപത്രി കഴിഞ്ഞയുടൻ ബസിൽ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ യാത്രക്കാരും ജീവനക്കാരും പരിഭ്രമിച്ചു നിൽക്കേ, ഡോ. രാജേഷ് മുന്നോട്ടുവന്ന് രോഗിയുടെ പൾസ് ഉൾപ്പെടെ പരിശോധിച്ചു. കാർഡിയാക് അറസ്റ്റ് ആണെന്ന് മനസ്സിലായ ഉടൻ സിപിആർ നൽകാൻ തുടങ്ങി. ഒപ്പം, രോഗിയെ ഡോക്ടറുടെ നേതൃത്വത്തിൽതന്നെ തൊട്ടടുത്ത ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
രോഗി അബോധാവസ്ഥയിലും പൾസ് ഇല്ലാത്ത അവസ്ഥയിലുമായിരുന്നതിനാൽ യാത്രയിലുടനീളം ഡോക്ടർ സിപിആർ നൽകിക്കൊണ്ടിരുന്നു. ഡോക്ടർതന്നെ അത്യാഹിത വിഭാഗത്തിൽ രോഗിയെ പ്രവേശിപ്പിച്ച് ഷോക്ക് ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ നൽകി. ഡ്യൂട്ടി ആർഎംഒയും മറ്റ് ഡോക്ടർമാരും സഹായവുമായെത്തി. രോഗിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ രോഗിക്ക് ബോധം വരികയും ശരീരം പ്രതികരിച്ച് തുടങ്ങുകയും ചെയ്തു.
നില മെച്ചപ്പെട്ട ശേഷം ആംബുലൻസിൽ കയറ്റി ഡോക്ടർതന്നെ രോഗിയെ തൃശൂർ മെഡിക്കൽ കോളേജിലെത്തിച്ചു. മെഡിക്കൽ കോളേജ് എമർജൻസി വിഭാഗത്തിലെത്തിച്ച് കൂടുതൽ വിദഗ്ധ ചികിത്സയും നൽകി. മുമ്പും ഹൃദയാഘാതം വന്നയാളാണ് രോഗി. മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പോകുന്ന വഴിയായിരുന്നു കുഴഞ്ഞുവീണത്. മാതൃകാപരമായ പ്രവർത്തനം നടത്തി രോഗിയുടെ ജീവൻ രക്ഷിച്ച ഡോ. രാജേഷിനെ ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. രഘുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. നിഷ എം ദാസ് പറഞ്ഞു.