കൊച്ചി> ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയ്ക്കായി ലുക്ക് ഔട്ട് സർക്കുലർ ഇറക്കി കൊച്ചി സിറ്റി പൊലീസ്. ഷാജൻ സ്കറിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാണ് നോട്ടീസ്. എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഷാജനായി സംസ്ഥാന വ്യാപകമായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.
ഷാജൻ സ്കറിയയ്ക്ക് ഹൈക്കോടതി വെളളിയാഴ്ച മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. പട്ടികജാതി– വർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് വി ജി അരുൺ തള്ളിയത്. മുൻകൂർ ജാമ്യഹർജി തള്ളിയ എറണാകുളം സെഷൻസ് കോടതി ഉത്തരവ് ശരിവച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പി വി ശ്രീനിജിൻ എംഎൽഎക്കെതിരെ വ്യാജവാർത്ത നൽകി, വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവപ്രകാരമാണ് കേസെടുത്തത്. മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനതത്വങ്ങൾ പാലിച്ചല്ല ഷാജന്റെ മാധ്യമപ്രവർത്തനമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
വ്യാഴാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിലും ഷാജൻ ഹാജരായിരുന്നില്ല. വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടപ്രകാരമാണ് (ഫെമ) കൊച്ചി ഇഡി ഓഫീസിൽ ഹാജരാകാൻ ഷാജൻ സ്കറിയയ്ക്ക് ഇഡി നോട്ടീസ് അയച്ചത്. കോട്ടയത്തെ വീട്ടിലെ വിലാസത്തിൽ അയച്ച നോട്ടീസ് കൈപ്പറ്റാത്തതിനാലാണ് ഷാജൻ സ്കറിയ ഹാജരാകാത്തതെന്നാണ് സൂചന. കൈപ്പറ്റാത്തതിനാൽ ഷാജന് ഇഡി വീണ്ടും നോട്ടീസ് അയക്കും. ഷാജന്റെ എല്ലാവിധ സ്വത്തുക്കളുടെയും പത്തു വർഷത്തെ ആദായനികുതി അടച്ചതിന്റെയും പത്ത് വർഷത്തെ ബാലൻസ് ഷീറ്റും സഹിതം ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടത്.