തിരുവനന്തപുരം> തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡൻ പാർലമെന്റിൽ സ്വകാര്യബില്ല് കൊണ്ടുവന്നതിനെതിരെ വ്യാപക പ്രതിഷേധം. മാർച്ച് ഒമ്പതിനാണ് ഹൈബി അവതരിപ്പിച്ച ‘സ്റ്റേറ്റ് കാപ്പിറ്റൽ റീ ലൊകേഷൻ ബിൽ 2023 ’ സ്വകാര്യ ബില്ലിലാണ് തലസ്ഥാന മാറ്റം ആവശ്യപ്പെട്ടത്. എന്നാൽ, ബില്ലിമേൽ അഭിപ്രായം തേടിയതിനെ തുടർന്ന് ആവശ്യം നിരാകരിച്ചുകൊണ്ട് സംസ്ഥാന സർക്കാർ മറുപടി നൽകി. തലസ്ഥാനം തിരുവനന്തപുരം തന്നെയെന്നും ഹൈബി ഈഡന്റെ ആവശ്യം നിരാകരിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ രേഖപ്പെടുത്തി.
സ്വകാര്യബില്ല് കോൺഗ്രസിന്റെ രാഷ്ട്രീയ തീരുമാനം ആണെന്നത് തലസ്ഥാനവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ശശി തരൂരിന്റെ മൗനവും ചർച്ചയാണ്. കോൺഗ്രസിന് കേന്ദ്രത്തിലും കേരളത്തിലും ഭരണം ഉണ്ടായിരുന്നപ്പോഴൊക്കെ ഹൈക്കോടതി ബെഞ്ച് അടക്കമുളള തലസ്ഥാന നഗരത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിഞ്ഞ് നിൽക്കുകയായിരുന്നു.
തലസ്ഥാനം മാറ്റുന്നതിന് ആവശ്യമായ മൂലധന ചെലവ്, അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന മറ്റു പ്രശ്നങ്ങൾ, കൊച്ചിപോലെ സ്ഥലപരിമിതി മൂലം ഞെരുങ്ങുന്ന നഗരത്തിൽ സെക്രട്ടറിയേറ്റ് അടക്കമുള്ള ആവശ്യങ്ങൾക്കായി സ്ഥലം കണ്ടെത്താനുള്ള ബുദ്ധിമുട്ട് തുടങ്ങി ഇതുസംബന്ധിച്ച ഒരു ഗൃഹപാഠവും നടത്താതെയാണ് സ്വകാര്യ ബില്ല് കൊണ്ടുവന്നിട്ടുള്ളത്.