ന്യൂഡൽഹി
ബിജെപിക്ക് എതിരായ പോരാട്ടം ശക്തമാക്കി പ്രതിപക്ഷ ഐക്യം മുന്നോട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ പ്രതിപക്ഷ പാർടികളുടെ ഐക്യനീക്കത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ യോഗം ജൂലൈ 13നും -14നും ബംഗളൂരുവിൽ ചേരും. എൻസിപി പ്രസിഡന്റ് ശരദ് പവാറാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിപക്ഷ പാർടികളുടെ ആദ്യ സംയുക്ത യോഗം കഴിഞ്ഞ വെള്ളിയാഴ്ച പട്നയിലാണ് ചേർന്നത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിളിച്ചുചേർത്ത യോഗത്തിൽ ബിജെപിക്കെതിരായി ദേശീയതലത്തിൽ യോജിച്ചുനീങ്ങാൻ പ്രതിപക്ഷ പാർടികൾ ഏകകണ്ഠമായി തീരുമാനമെടുത്തിരുന്നു. തുടർചർച്ചകൾക്കായി അടുത്ത യോഗം ഹിമാചലിലെ ഷിംലയിൽ ജൂലൈ രണ്ടാംവാരം ചേരാനായിരുന്നു ധാരണ. ബിജെപിക്ക് വലിയ തിരിച്ചടി നേരിട്ടത് കണക്കിലെടുത്ത് കർണാടകത്തിലേക്ക് മാറ്റുകയായിരുന്നു.
പട്ന യോഗത്തിൽ 15 പ്രതിപക്ഷ പാർടികളുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു. ബംഗളൂരുവിലെ യോഗത്തിൽ കൂടുതൽ പാർടികൾ എത്തിച്ചേരുമെന്നാണ് സൂചന. ഓരോ സംസ്ഥാനത്തും ബിജെപിക്കെതിരായി ഏതുവിധത്തിലാണ് സഖ്യം സാധ്യമാകുന്നത് എന്നതടക്കമുള്ള വിഷയങ്ങളിലേക്ക് ബംഗളൂരു യോഗം കടക്കും. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ ജനകീയ വിഷയങ്ങൾ ഏറ്റെടുക്കണമെന്ന സിപിഐ എം നിർദേശവും ബംഗളൂരു യോഗത്തിൽ ചർച്ച ചെയ്യും.