സെന്റ് ലൂയിസ്
ഗോൾമേളത്തോടെ ചാമ്പ്യൻമാരുടെ തിരിച്ചുവരവ്. കോൺകാകാഫ് ഗോൾഡ് കപ്പ് ഫുട്ബോളിൽ സെന്റ് കിറ്റ്സിനെ ആറ് ഗോളിന് മുക്കി അമേരിക്ക കരുത്തുകാട്ടി. ആദ്യകളിയിൽ ജമൈക്കയോട് 1–-1ന് കുരുങ്ങിയിരുന്നു. എന്നാൽ, സെന്റ് കിറ്റ്സിനെതിരെ ദൗർബല്യമൊന്നും കാട്ടിയില്ല. ഹാട്രിക്കുമായി ജെസ്യൂസ് ഫെരേയ്രേയും ഇരട്ടഗോളുമായി ദോർദെ മിഹാലിയോവിച്ചും മിന്നി. മറ്റൊന്ന് ബ്രയാൻ റെയ്നോൾഡ്സിന്റെ വകയായിരുന്നു. ജയത്തോടെ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തുകയും ചെയ്തു. സീനിയർ കളിക്കാർക്ക് വിശ്രമം നൽകി പുതുനിരയുമായാണ് അമേരിക്ക ടൂർണമെന്റിനിറങ്ങിയത്.
സെന്റ് കിറ്റ്സിനെതിരെ ആദ്യ പകുതിയിൽ നാല് ഗോളിന് മുന്നിലായിരുന്നു അമേരിക്ക. കൊളംബിയയിൽ ജനിച്ച് അമേരിക്കയ്ക്കായി കളിക്കുന്ന ഫെരേയ്ര ഇടവേള കഴിഞ്ഞെത്തിയയുടനെ ഹാട്രിക് തികച്ചു. ദേശീയ കുപ്പായത്തിൽ 20 കളിയിൽ 11 ഗോളുണ്ട് ഈ ഇരുപത്തിരണ്ടുകാരന്. ജൂലൈ മൂന്നിന് ട്രിനിഡാഡ് ആൻഡ് ടുബാഗോയോടാണ് അമേരിക്കയുടെ അടുത്ത കളി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജമൈക്ക 4–-1ന് ട്രിനിഡാഡിനെ തോൽപ്പിച്ചു. ദെമറായ് ഗ്രേ ഇരട്ടഗോളടിച്ചു. ലിയോൺ ബെയ്ലിയും ദുവാൻ റിച്ചാർഡ്സും ലക്ഷ്യം കണ്ടു. ആന്ദ്രെ റാംപെർസാദ് ട്രിനിഡാഡിന്റെ ആശ്വാസം കുറിച്ചു.