കൊച്ചി> യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി പട്ടികയിൽ ക്രിമിനൽ കേസ് പ്രതികളും. വ്യാജരേഖകൾ ഹാജരാക്കി പ്രായപരിധി ‘മറികടന്നവരും’ പട്ടികയിൽ കടന്നുകൂടിയതായി പരാതി. എറണാകുളം ജില്ലയിൽനിന്ന് ക്രിമിനൽ പശ്ചാത്തലമുള്ള രണ്ടുപേർ മത്സരരംഗത്തുണ്ട്. ഐ ഗ്രൂപ്പിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനാർഥിയും നിലവിലെ എറണാകുളം ബ്ലോക്ക് പ്രസിഡന്റുമായ വടുതല ഗ്രീൻലൈൻ റോഡ് പൂതംപിള്ളി സിജോ ജോസഫ് ഇടപ്പള്ളിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനാർഥിയും നിലവിലെ ജില്ലാ സെക്രട്ടറിയുമായ ചെറായി പെരുന്തേടത്ത് നോബൽ കുമാറും നിരവധി കേസുകളിൽ പ്രതിയാണ്. കൊച്ചി കോർപറേഷൻ സെക്രട്ടറി ബാബു അബ്ദുൽ ഖാദിറിനെയും ജീവനക്കാരെയും മർദിച്ച കേസിലും ഇരുവരും അറസ്റ്റിലായിരുന്നു.
2010ൽ ഡിവൈഎഫ്ഐ വൈപ്പിൻ മേഖലാ കമ്മിറ്റി അംഗം കെ പി അനീഷ് ഉൾപ്പെടെയുള്ളവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ നോബൽ കുമാറിനെ പറവൂർ അഡീഷണൽ സെഷൻസ് കോടതി ഏഴുവർഷം തടവിന് ശിക്ഷിച്ചിരുന്നു. കുഴൽപ്പണക്കേസിൽ 95 ദിവസം ജയിലിലുമായിരുന്നു. ഐ ഗ്രൂപ്പിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനാർഥി സിജോ ജോസഫ് 2022 മാർച്ചിൽ ഇടപ്പള്ളിയിലെ വ്യാപാരിയെ ക്രൂരമായി മര്‍ദിച്ച് രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ആറാംപ്രതിയാണ്. കാസര്‍കോട് ഹോസ്ദുര്‍ഗ് മൈത്രി വീട്ടില്‍ കൃഷ്ണമണിയെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്നത്.
കോട്ടയത്ത് വ്യാജനും
കോട്ടയം ജില്ലയിൽ മത്സരിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവ് വ്യാജരേഖകൾ ഹാജരാക്കി നോമിനേഷൻ നൽകിയെന്ന് പ്രവർത്തകർ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നൽകി.1987 മെയ് 10ന് മുമ്പ് ജനിച്ചവർക്കാണ് മത്സരിക്കാൻ യോഗ്യത. നേതാവ് ജനന തീയതി തിരുത്തി വ്യാജ ആധാർ കാർഡും ഡ്രൈവിങ് ലൈസൻസും നോമിനേഷനൊപ്പം നൽകിയെന്നാണ് പരാതി. നേതാവ് ഹാജരാക്കിയ രേഖകളും യഥാർഥ ജനന തീയതി കാണിക്കുന്ന ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പും പരാതിക്ക് ഒപ്പമുണ്ട്.