തിരുവനന്തപുരം> പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ 263 തസ്തികയ്ക്കുകൂടി അംഗീകാരം നൽകാൻ ധന വകുപ്പിൽ ധാരണയായി. മെഡിക്കൽ കോളേജിലെ 210 നോൺ ടീച്ചിങ് തസ്തിയ്ക്കാണ് അംഗീകാരം ലഭിക്കുക. ഇതിൽ നഴ്സിങ് അസിസ്റ്റന്റ് ഗ്രേഡ് ഒന്ന്, രണ്ട്, ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് ഒന്ന്, രണ്ട് തസ്തികകൾ ഉൾപ്പെടും. കോളേജ് ഓഫ് ഫാർമസ്യുട്ടിക്കൽസിലെ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, ട്യൂട്ടർ തുടങ്ങീ 26 അധ്യാപക തസ്തിക അംഗീകരിക്കും. സ്കൂൾ ഓഫ് നഴ്സിങ്ങിനെ ലയിപ്പിച്ച കോളേജ് ഓഫ് നഴ്സിങ്ങിലെ 27 തസ്തികയ്ക്ക് അംഗീകാരം നൽകാനും ധനമന്ത്രി കെ എൻ ബാലഗോപാൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ധാരണയായി. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, ട്യുട്ടർ തസ്തികകളിലായിരിക്കും അനുമതി.
മെഡിക്കൽ കോളേജിലെ 147 ഡോക്ടർമാരെയും 521 നഴ്സുമാരെയും നേരത്തെ സർക്കാർ സർവീസിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇതര ജീവനക്കാരെ സർക്കാർ സർവീസിന്റെ ഭാഗമാക്കുന്നത്. സഹകരണ മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഇവിടെ ആരോഗ്യ വിദ്യാഭ്യാസവകുപ്പിന്റെകീഴിൽ 247 അധ്യാപക തസ്തിക സൃഷ്ടിച്ചിരുന്നു. ഇതിൽ 100 പേരെ ആരോഗ്യ വിദ്യാഭ്യാസവകുപ്പിൽ നിയമിച്ചു. പുറമെ നിലവിൽ ജോലിചെയ്തുവരുന്ന 147 പേരെക്കൂടി സർക്കാർ സർവീസിലേക്ക് മാറ്റി. പ്രിൻസിപ്പൽ ഉൾപ്പെടെ 11 ഭരണനിർവഹണ തസ്തിക നേരത്തെ സൃഷ്ടിച്ചു. ഇപ്പോൾ മെഡിക്കൽ കോളേജിലെ മുഴുവൻ ഡോക്ടർമാർക്കും നഴ്സുമാർക്കും പുറമെ ഇതര ജീവനക്കാരും സർക്കാർ ജീവനക്കാരാകും.
2019ൽ കേരള കോ–-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ആൻഡ് സെന്റർ ഓഫ് അഡ്വാൻസ്ഡ് മെഡിക്കൽ സർവീസിൽനിന്ന് (കെസിഎച്ച്സി)മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുമ്പോൾ ആവശ്യമായ തസ്തികൾ സൃഷ്ടിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. യുഡിഎഫ് ഭരണത്തിൽ പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞ പിണറായി സർക്കാരാണ് ഇത് സർക്കാർ മെഡിക്കൽ കോളേജാക്കിയത്.