തൊടുപുഴ> ഏകീകൃത സിവിൽകോഡ് പോലുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം അർഹിക്കുന്ന അവഞ്ജയോടെ തള്ളുകയാണെന്നും ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ മോദിയുടെ ഉപദേശം ആവശ്യമില്ലെന്നും ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം എം സുലൈമാൻ. പൗരന്മാരുടെ തുല്യ അവകാശത്തിന് ഏകീകൃത സിവിൽകോഡ് അനിവാര്യമാണെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായം ഭരണഘടന വിഭാവന ചെയ്യുന്ന മതേതര- ജനാധിപത്യ വ്യവസ്ഥയെക്കുറിച്ചുള്ള ധാരണപ്പിശക് കൊണ്ടാണ്.
വിഷയത്തിൽ ആർഎസ്എസും നരേന്ദ്ര മോദിയും മുന്നോട്ടുവെക്കുന്ന ആശയങ്ങൾ പിന്തിരിപ്പനും ചാതുർവർണ വ്യവസ്ഥയിലേക്കുള്ള തിരിച്ചുപോക്കുമാണ്. മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോട് അൽപമെങ്കിലും കരുണയുണ്ടെങ്കിൽ അവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്. ഹിന്ദുരാഷ്ട്രം എന്ന ആർഎസ്എസിന്റെ സ്വപ്നം പേറി നടക്കുന്ന മോദിയെപ്പോലുള്ളവർക്ക് മതേതര-ജനാധിപത്യ ഇന്ത്യയിൽ ഇടമില്ലെന്ന് അടുത്ത തെരഞ്ഞെടുപ്പ് വ്യക്തമാക്കും. അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു