കൽപ്പറ്റ> കോൺഗ്രസ് നേതാക്കൾക്ക് പണം നൽകിയെന്ന പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതി സജീവൻ കൊല്ലപ്പള്ളിയുടെ വെളിപ്പെടുത്തൽ ഇഡി(എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) അന്വേഷിക്കും. വായ്പ തട്ടിപ്പിൽ ഇഡി കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ഒമ്പതിന് സജീവൻ കൊല്ലപ്പള്ളി, കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം എന്നിവരുൾപ്പെടെ കേസിൽ പ്രതികളായ നാലുപേരുടെ വീടുകളിലും പുൽപ്പള്ളി ബാങ്കിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.
വായ്പാ തട്ടിപ്പിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇഡി കള്ളപ്പണ നിരോധന നിയമപ്രകാരം കേസ് എടുത്തത്. പണത്തിന്റെ ഉറവിടം സംബന്ധിച്ചും വായ്പ തട്ടിപ്പിൽ പ്രതികളായവരുടെ ആസ്തികൾ സംബന്ധിച്ചുള്ള വിവരങ്ങളുമാണ് റെയ്ഡിൽ ഇഡി ശേഖരിച്ചത്. തട്ടിപ്പിലൂടെ ബാങ്കിൽനിന്ന് എടുത്ത 1.64 കോടി രൂപ നേരിട്ട് സജീവന്റെ അക്കൗണ്ടിലേക്കാണ് പോയത്.
പണം ലഭിച്ച ഈ പ്രതിയാണ് കെപിസിസി എക്സിക്യൂട്ടീവ് അംഗം കെ എൽ പൗലോസിനും പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാറിനും ഐൻടിയുസി നേതാവ് മണി പാമ്പനാലിനും പണം നൽകിയെന്ന് വെളിപ്പെടുത്തിയത്. തട്ടിച്ച പണമാണോ, അതോ കള്ളപ്പണമാണോ ഇവർക്ക് നൽകിയതെന്നുൾപ്പെടെയുള്ള കാര്യങ്ങളാകും ഇഡി അന്വേഷിക്കുക.