ഇംഫാല്‍ > മണിപ്പുരിലെ സംഘർഷ മേഖലകൾ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് വഴിയിൽ തടഞ്ഞു. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വാഹനം തടഞ്ഞതെന്ന് പൊലീസ് വിശദീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് 25 കിലോമീറ്റർ അകലെ ബിഷ്ണുപുരിൽ വഴിയിൽ ബാരിക്കേഡ് വെച്ചാണ് വാഹനം തടഞ്ഞത്.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെ 11 മണിയോടെയാണ് രാഹുൽ ഗാന്ധി മണിപ്പുരിലെത്തിയത്. കുക്കി മേഖലയായ ചുരാചന്ദ്പുരിലേക്കുള്ള യാത്രയ്ക്കിടെയാണ് സുരക്ഷാ പ്രശ്നം ഉന്നയിച്ച് വാഹനം തടഞ്ഞത്. രാവിലെ പല ഭാഗങ്ങളിലും വെടിവെയ്പ് ഉണ്ടായെന്നും ജനങ്ങള്‍ ആയുധങ്ങളുമായി നില്‍ക്കുകയാണെന്നും മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണെന്നും പൊലീസ് പറയുന്നു. രാഹുല്‍ ഗാന്ധിയുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് വാഹനങ്ങള്‍ തടഞ്ഞതെന്നും പൊലീസ് അറിയിച്ചു.
എന്നാൽ യാത്ര തുടരുമെന്നാണ് രാഹുൽ പറയുന്നത്. കുക്കി മെയ്ത്തീ വിഭാഗങ്ങളുടെ നേതാക്കളെ സന്ദർശിക്കുമെന്നും രാഹുൽ പറഞ്ഞു. കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളും രാഹുലിനൊപ്പമുണ്ട്.