ന്യൂഡൽഹി > ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണെതിരെ ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ജൂലൈ ഒന്നിന് ഉത്തരവ് നൽകുമെന്ന് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഹർജീത് സിംഗ് ജസ്പാൽ. ചൊവ്വാഴ്ച കുറ്റപത്രം പരിഗണിച്ചുവെങ്കിലും ആയിരത്തിഅഞ്ഞുറോളം പേജുള്ളതിനാൽ കുറഞ്ഞത് രണ്ടുദിവസമെങ്കിലും പഠിക്കാനായി വേണ്ടിവരുമെന്ന് കോടതി നിരീക്ഷിച്ചു.
തുടർന്ന് ജൂലൈ ഒന്നിന് കുറ്റപത്രം സ്വീകരിക്കുന്നതിൽ ഉത്തരവ് നൽകുമെന്നും വ്യക്തമാക്കി. നേരത്തെ ഡൽഹി പൊലീസിന്റെ അപേക്ഷ പരിഗണിച്ച് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് മഹിമ റായ് ആണ് ലൈംഗീകാതിക്രമ കേസ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന് കൈമാറിയത്. തെരുവിൽ സമരം അവസാനിപ്പിച്ച താരങ്ങൾ കോടതിയിൽ പോരാട്ടം തുടരുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം താൻ ഇപ്പോൾ അതീവ സന്തോവാനാണെന്നും പ്രശ്നം തണുക്കാൻ കാത്തിരിക്കുകയാണെന്നും ബ്രിജ്ഭൂഷൺ ഒരു അഭിമുഖത്തിൽ പറഞ്ഞു. പ്രക്ഷോഭം കാരണം ദേശീയ ചാംപ്യൻഷിപ്പുകളിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാചര്യമാണെന്നും അത് സർക്കാർ ജോലി കിട്ടുന്നതിൽ അവർക്ക് തടസമാകുമെന്നും ബ്രിജ്ഭൂഷൺ പറഞ്ഞു. താനും ഫെഡറേഷൻ അസി.സെക്രട്ടറി വിനോദ് തോമറും ചെലവ് ചുരുക്കൽ നടപ്പാക്കിയിരുന്നുവെന്നും അതിന്റെ ഭാഗമായാണ് ഫെഡറേഷൻ ഓഫീസ് വസതിയിലേയ്ക്ക് മാറ്റിയതെന്നും ബിജെപി എംപി അവകാശപ്പെട്ടു. തോമർ കേസിലെ കൂട്ടുപ്രതിയാണ്. ഫെഡറേഷൻ ഓഫീസിൽ വെച്ചും അതിക്രമത്തിന് ഇരായായെന്ന് താരങ്ങൾ വ്യക്തമാക്കിയിരുന്നു.