തിരുവനന്തപുരം > വിവാഹത്തലേന്ന് വധുവിന്റെ അച്ഛനെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ ആദ്യം ആക്രമിച്ചത് വധുവിനെയെന്ന് ബന്ധുക്കൾ. കല്യാണത്തലേന്ന് സത്കാരത്തിനു ശേഷം ആളുകൾ ഒഴിഞ്ഞുതുടങ്ങിയ സമയത്താണ് പ്രതികൾ കൊല്ലപ്പെട്ട രാജുവിന്റെ വീട്ടിലെത്തിയത്. അയൽവായിയായ ജിഷ്ണു, സഹോദരൻ ജിജിൻ, സുഹൃത്തുക്കളായ ശ്യാം, വിഷ്ണു എന്നീ നാലുപേരാണ് വീട്ടിലെത്തിയത്. വധുവായ ശ്രീലക്ഷ്മിയോട് സംസാരിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയെ നിലത്തിട്ട് ചവിട്ടുന്ന കേട്ടാണ് ശ്രീലക്ഷ്മിയുടെ അച്ഛൻ രാജുവും മറ്റു ബന്ധുക്കളും ഓടിയെത്തിയത്.
ശ്രീലക്ഷ്മിയെ ചവിട്ടുന്നത് തടയാനായെത്തിയ രാജുവിനെ പ്രതികൾ മൺവെട്ടി കൊണ്ട് അടിക്കുകയായിരുന്നു. ജിജിനാണ് രാജുവിനെ അടിച്ചതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ പിടികൂടുകയായിരുന്നു. രാജു സംഭവസ്ഥലത്തുതന്നെ മരിച്ചു.
ശ്രീലക്ഷ്മിയെ വിവഹമാലോചിച്ച് പ്രതി ജിഷ്ണുവിന്റെ വീട്ടുകാർ നേരത്തെ എത്തിയിരുന്നു. എന്നാൽ രാജുവും വീട്ടുകാരും ഇതിനോട് യോജിച്ചില്ല. ശ്രീലക്ഷ്മിക്ക് മറ്റൊരു വിവാഹം ഉറപ്പിക്കുയും ചെയ്തു. ഇതിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിൽ. വിവാഹ ആലോചന നിരസിച്ചപ്പോൾ തന്നെ ഇവർ വധഭീഷണി മുഴക്കിയിരുന്നതായി പറയുന്നു. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് രാജുവിന്റെ ബന്ധുക്കൾ പറഞ്ഞു.