കോഴിക്കോട് > തളി ക്ഷേത്ര പൈതൃക പദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തികൾക്ക് സംസ്ഥാന സർക്കാർ 1.40 കോടി രൂപ അനുവദിച്ചതായി ടൂറിസം- പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തളിയുടെ പൈതൃകം മുൻ നിർത്തിയുള്ള നവീകരണമാണ് ഉദ്ദേശിക്കുന്നത്. ക്ഷേത്ര കുളം നവീകരിക്കും. ഇതിന്റെ ഭാഗമായി കല്മണ്ഡപത്തോട് കൂടി ഒരു ഫൗണ്ടൻ സ്ഥാപിക്കും. തളി ക്ഷേത്രത്തിനൊപ്പം കോഴിക്കോട് നഗരത്തിലെ മറ്റു പ്രധാന ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പൈതൃക പദ്ധതികളും തീർത്ഥാടക ടൂറിസം പദ്ധതികളും ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. ശ്രീകണ്ടേശ്വരം ക്ഷേത്രത്തിൽ ഉൾപ്പെടെയാണ് പദ്ധതികളുടെ ആലോചന.
ഇത് കൂടാതെ നഗരത്തെ കൂടുതൽ ആകർഷകവും വിനോദ സഞ്ചാര സൗഹൃദവും ആക്കുന്നതിനുള്ള പദ്ധതികളും തയ്യാറാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളെ ദീപാലംകൃതമാക്കും. പ്രധാന പാർക്കുകളും പാലങ്ങളും സൗന്ദര്യവൽക്കരിക്കും. ഇത് നഗരത്തെ പ്രധാന ടൂറിസം കേന്ദ്രമാകാൻ സഹായിക്കും.
തളി ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യം ഉൾക്കൊണ്ട് അത് പുതു തലമുറയ്ക്ക് പകർന്നു നൽകുന്ന തരത്തിൽ ആണ് ടൂറിസം വകുപ്പ് ആദ്യ ഘട്ട നവീകരണ പൈതൃക പദ്ധതിക്ക് രൂപം നൽകിയത്. ഇതിന്റെ ഭാഗമായി 1 . 25 രൂപയുടെ പ്രവർത്തനങ്ങളാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.