തൃക്കാക്കര> അധ്യക്ഷപദവി രാജിവയ്ക്കണമെന്ന കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ നിര്‍ദേശം തള്ളിയ തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പന് ഇന്നും എത്തിയില്ല. ഔദ്യോഗിക ഫോണ്‍ ഓഫ് ചെയ്ത് ഓഫീസിലെത്താതെ ഇന്നലെ മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇന്നും ഓഫീസിലെത്താതിരിക്കുകയായിരുന്നു. രാജി സമ്മര്ദവുമായെത്തിയ ജില്ലാ നേതാക്കള്‍ക്ക് അജിതയുമായി സംസാരിക്കാനായിരുന്നില്ല.
തിങ്കള്‍ വൈകിട്ട് ഉമ തോമസ് എംഎല്‍എയുടെ വീട്ടില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പങ്കെടുത്ത പാര്‍ലമെന്ററി യോഗത്തില്‍ അജിതയ്ക്ക് അധ്യക്ഷപദവി രാജിവയ്ക്കാന്‍ 27വരെ സമയം അനുവദിച്ചിരുന്നു.രണ്ടരവര്‍ഷം ഐ ഗ്രൂപ്പിലെ അജിത തങ്കപ്പനും തുടര്‍ന്ന് എ ഗ്രൂപ്പിലെ രാധാമണി പിള്ളയും അധ്യക്ഷപദവി പങ്കിടണമെന്നായിരുന്നു കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഉണ്ടാക്കിയ കരാര്‍. രാധാമണി പിള്ളയെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കില്ലെന്ന് ഉറപ്പുനല്‍കിയാല്‍ അധ്യക്ഷപദവി രാജിവയ്ക്കാമെന്നാണ് ഐ ഗ്രൂപ്പ് നിലപാട്. രണ്ടരവര്‍ഷംമുമ്പ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം എഴുതിയുണ്ടാക്കിയ കരാര്‍ നടപ്പാക്കാന്‍ അജിതയുടെ രാജി അനിവാര്യമാണെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.
43 അംഗ കൗണ്‍സിലില്‍ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം നടത്തുന്നത്. സോമി റെജി, എം ഒ വര്‍ഗീസ്, രജനി ജീജന് തുടങ്ങിയ എ ഗ്രൂപ്പ് കൗണ്‍സിലര്‍മാരും യുഡിഎഫിനെ പിന്തുണയ്ക്കുന്ന നാല് സ്വതന്ത്രരും രാധാമണി അധ്യക്ഷയാകുന്നതിനെ എതിര്‍ക്കുകയാണ്.
പിന്തുണ പിന്‍വലിച്ച് സ്വതന്ത്ര കൗണ്‍സിലര്‍മാര്‍
യുഡിഎഫിനുള്ള നിരുപാധിക പിന്തുണ പിന്‍വലിച്ചതായി സ്വതന്ത്ര കൗണ്‍സിലര്‍മാരായ അബ്ദു ഷാന, ഇ പി കാദര്‍കുഞ്ഞ്, ഷാജി പ്ലാശേരി, ഓമന സാബു എന്നിവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. അജിത തങ്കപ്പനെ മാറ്റിയാല്‍ ആ സ്ഥാനത്തേക്ക് സ്വതന്ത്ര കൗണ്‍സിലര്‍മാരുടെ പ്രതിനിധിയായി ഓമന സാബു മത്സരിക്കുമെന്നും അവര്‍ അറിയിച്ചു.
അധ്യക്ഷ വന്നില്ല; കമ്പനി പ്രതിനിധികള്‍ മടങ്ങി
നഗരസഭ പൊതു മാര്‍ക്കറ്റിലെ മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മാണ കമ്പനിയുമായി നടത്താനിരുന്ന ചര്‍ച്ച നഗരസഭ അധ്യക്ഷ പങ്കെടുക്കാത്തതിനാല്‍ ഇന്നലെ മുടങ്ങി. ചൊവ്വ വൈകിട്ട് നാലിനാണ് യോഗം നിശ്ചയിച്ചിരുന്നത്. പ്ലാന്റ് നിര്‍മാണ കമ്പനി പ്രതിനിധികള്‍ മണിക്കൂറുകളോളം നഗരസഭയില്‍ കാത്തിരുന്ന് മടങ്ങി. കോണ്‍ഗ്രസിന്റെ ഗ്രൂപ്പുവഴക്ക്തൃക്കാക്കര നഗരസഭയുടെ വികസനം തടസ്സപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് എം കെ ചന്ദ്രബാബു പറഞ്ഞു.