തിരുവനന്തപുരം
ഒന്നാം ക്ലാസ് മജിസ്ട്രേട്ടുമാരുടെ ശിക്ഷാവിധിക്കെതിരായ അപ്പീൽ കേൾക്കാൻ അസിസ്റ്റന്റ് സെഷൻസ് ജഡ്ജിമാർക്കും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടുമാർക്കും അനുമതി നൽകും. ഇതിനായി ക്രിമിനൽ നടപടി സംഹിതയിലെ 381––ാം വകുപ്പ് ഭേദഗതി ചെയ്യും. ഹൈക്കോടതി രജിസ്ട്രാറുടെ നിർദേശപ്രകാരമാണ് മന്ത്രിസഭയുടെ തീരുമാനം. കരട് ബില്ലും ധനകാര്യ മെമ്മോറാണ്ടവും അംഗീകരിച്ചു. സെഷൻസ് കോടതികളുടെ ജോലിഭാരം കുറയ്ക്കാനും ക്രിമിനൽ കേസുകളിലെ അപ്പീൽ കേൾക്കുന്നതു വഴിയുള്ള പരിജ്ഞാനം അസിസ്റ്റന്റ് സെഷൻസ് ജഡ്ജിനും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിനും ലഭിക്കുന്നതിനും പുതിയ തീരുമാനം സഹായകരമാകും.
1992ൽ സബോർഡിനേറ്റ് സിവിൽ ക്രിമിനൽ നീതിന്യായ കോടതികൾ ഏകീകരിച്ചതിനെത്തുടർന്ന് സെക്കൻഡ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതികൾ നിർത്തലാക്കിയതായി കേരള ഹൈക്കോടതി രജിസ്ട്രാർ (ജില്ലാ ജുഡീഷ്യറി) സർക്കാരിനെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതികൾ മാത്രമേ നിലവിലുള്ളൂ.
1973ലെ ക്രിമിനൽ നടപടി സംഹിതയിലെ വകുപ്പ് 381 പ്രകാരം ഒരു അസി. സെഷൻസ് ജഡ്ജിന് സെക്കൻഡ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് വിചാരണ നടത്തി ശിക്ഷിച്ച കേസിലെ അപ്പീൽ മാത്രമേ കേട്ട് തീർപ്പുകൽപ്പിക്കാനാകൂ. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ശിക്ഷവിധിച്ച കേസിൽ അപ്പീൽ പരിഗണിക്കാൻ സെഷൻസ് കോടതികൾക്കേ കഴിയൂ.