തിരുവനന്തപുരം
നവകേരളത്തിലേക്കുള്ള മുന്നേറ്റത്തിന് വഴിതെളിച്ചാണ് ഡോ. വി പി ജോയ് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത്. ഇ–- ഗവേണൻസ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റം അദ്ദേഹത്തിന്റെകൂടി നിർണായക ഇടപെടലിന്റെ ഭാഗമാണ്. പേപ്പർരഹിത ഭരണനിർവഹണം എന്ന നിലയിൽ സംസ്ഥാനം അതിവേഗം മുന്നേറുകയും രാജ്യത്ത് ഒന്നാമതെത്തുകയും ചെയ്തത് പ്രധാന നേട്ടമാണെന്ന് വി പി ജോയ് ദേശാഭിമാനിയോട് പറഞ്ഞു. രാജ്യത്ത് ഏറ്റവും മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള നാടാകാൻ കേരളത്തിനു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ശക്തമായ നേതൃത്വം പ്രവർത്തനത്തിന് മുതൽക്കൂട്ടായി. എന്തെങ്കിലും ചെയ്യണം എന്നാഗ്രഹിക്കുന്ന ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നൽകുന്ന പിന്തുണ വളരെ വലുതാണ്. അദ്ദേഹത്തോടൊപ്പമുള്ള പ്രവർത്തനം സർവീസ് കാലത്തെ ഏറ്റവും മികച്ച അനുഭവമാണ്. കോവിഡ് കാലത്തെ പ്രവർത്തനം, അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള ഇടപെടൽ എന്നിവയും സുപ്രധാന നേട്ടമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2021 ഫെബ്രുവരിയിലാണ് 1987 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. എറണാകുളം സ്വദേശിയാണ്. നിരവധി കവിതാ സമാഹാരങ്ങളും നോവലുകളും പുറത്തിറക്കിയിട്ടുണ്ട്.