ലോർഡ്സ്
പേസർമാരിൽ വിശ്വസിച്ച് ഇംഗ്ലണ്ട് ഓസ്ട്രേലിയക്കെതിരായ രണ്ടാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിനിറങ്ങുന്നു. മത്സരത്തിന്റെ തലേന്ന് ടീമിനെ പ്രഖ്യാപിച്ച ഇംഗ്ലീഷ് നിരയിൽ ബൗളർമാരായി മുഴുവനും പേസർമാരാണ്. ഔദ്യോഗിക സ്പിന്നർമാർ ആരുമില്ല. പരിക്കേറ്റ മൊയീൻ അലിക്കുപകരം പേസർ ജോഷ് ടങ്ങിനെയാണ് പുതുതായി ഉൾപ്പെടുത്തിയത്. ലോർഡ്സിൽ പകൽ മൂന്നരയ്ക്കാണ് കളി.
ആദ്യ ടെസ്റ്റിൽ രണ്ട് വിക്കറ്റിന് തോറ്റാണ് ഇംഗ്ലണ്ട് എത്തുന്നത്. ഒന്നാം ഇന്നിങ്സിൽ നേരത്തേ ഡിക്ലയർ ചെയ്തതിന് ടീം പഴികേട്ടു. എന്നാൽ, ഇതിലൊന്നും തളരില്ലെന്നായിരുന്നു ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ പ്രതികരണം. മാർക് വുഡിനെ മാറ്റിനിർത്തിയാണ് ഒരു കളിമാത്രം കളിച്ച ടങ്ങിനെ രണ്ടാംടെസ്റ്റിന് പരിഗണിച്ചത്. ജയിംസ് ആൻഡേഴ്സൺ, സ്റ്റുവർട്ട് ബ്രോഡ്, ഒല്ലി റോബിൻസൺ എന്നിവർക്കൊപ്പം ഇരുപത്തഞ്ചുകാരനും കൂടും. അലിയുടെ അഭാവത്തിൽ ജോ റൂട്ടിന് സ്പിന്നറുടെ വേഷംകൂടിയുണ്ടാകും. ഓസീസ് നിരയിൽ പ്രധാന പേസർ മിച്ചെൽ സ്റ്റാർക് തിരിച്ചെത്തും. സ്കോട്ട് ബോളണ്ട് പുറത്തിരിക്കും.