ആലപ്പുഴ
മണിപ്പുരിലേത് കേന്ദ്രസർക്കാരിന്റെ പിന്തുണയോടെയുള്ള കലാപമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. മണിപ്പുർ കലാപം അവസാനിപ്പിക്കുക, ബിജെപി സർക്കാർ നീതി പാലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എൽഡിഎഫ് ആലപ്പുഴ നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനംചെയ്യുകയായിരുന്നു തോമസ് ഐസക്.
ഏത് കലാപവും ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രസർക്കാരിന് അടിച്ചമർത്താനാകും. മണിപ്പുരിൽ കലാപം തുടങ്ങിയിട്ട് 51 ദിവസം പിന്നിട്ടു. 131 പേർ ഇതുവരെ കൊല്ലപ്പെട്ടു. 17 ക്ഷേത്രവും 200 പള്ളിയും തകർക്കപ്പെട്ടു. പതിനായിരങ്ങൾക്ക് പരിക്കേറ്റു. 50,000 പേർ വീടുവിട്ട് ഓടിപ്പോയി. എന്നിട്ടും കലാപം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി മോദി ഒരുവാക്ക് ഉരിയാടിയിട്ടില്ല.
ഗുജറാത്ത് കലാപം ഒരുമാസം നീണ്ടപ്പോൾ “രാജ് ധർമം മറക്കരുത്’ എന്നാണ് പ്രധാനമന്ത്രി വാജ്പേയ് പറഞ്ഞത്. രണ്ട് പതിറ്റാണ്ടിനുശേഷം മണിപ്പുരിൽ അതേസാഹചര്യം ആവർത്തിക്കുകയാണ്. ബിജെപിക്ക് തനിച്ച് അധികാരത്തിലെത്താൻ സാഹചര്യമൊരുക്കാൻ ബോധപൂർവം അഴിച്ചുവിട്ട കലാപമാണ് മണിപ്പുരിലേത്. കഴിഞ്ഞ തവണ 60 സീറ്റിൽ 21 സീറ്റുമാത്രമാണ് ബിജെപിക്ക് കിട്ടിയത്. എംഎൽഎമാരെ വിലയ്ക്കെടുത്താണ് ഭരണം പിടിച്ചത്.
ഒരു സംസ്ഥാനം എങ്ങനെ കുട്ടിച്ചോറാക്കാമെന്ന സന്ദേശമാണ് മണിപ്പുർ നൽകുന്നത്. മതമേതായാലും മനുഷ്യൻ നന്നാകണമെന്ന മഹത്തായ ആശയത്തിൽ വിശ്വസിക്കുന്നവരാണ് കേരളീയർ. അതിനാൽ ബിജെപിയുടെ കളി കേരളത്തിൽ വിലപ്പോകില്ല –- ഐസക് പറഞ്ഞു.