തൃശൂർ
മലയാള നാടകത്തിന്റെ ഗതി മാറ്റിയ വിഖ്യാതനാടകം, പാട്ടബാക്കിയുടെ ആദ്യാവതരണം കണ്ടവരിലൊരാളായിരുന്നു ചിത്രൻ നമ്പൂതിരിപ്പാട്. 1937ലാണ് കർഷകസംഘം പൊന്നാനി താലൂക്ക് സമ്മേളനത്തോടനുബന്ധിച്ച് കെ ദാമോദരന്റെ പാട്ടബാക്കി നാടകം ഗുരുവായൂരിനടുത്ത കുരഞ്ഞിയൂരിൽ അവതരിപ്പിക്കുന്നത്. നാടകം കാണാൻ മൂക്കുതലയിൽനിന്ന് കാൽനടയായാണ് പതിനേഴുകാരനായ ചിത്രൻ നമ്പൂതിരിപ്പാടും കൂട്ടരും എത്തുന്നത്.
ഏതാണ്ട് 200 പേരാണ് കാണികളായി ഉണ്ടായിരുന്നതെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്. അന്ന് ഒരു രാഷ്ട്രീയായുധമായല്ല പലരും ആ നാടകത്തെ കണ്ടത്. എന്നാൽ പാട്ടബാക്കിയും കുടിയൊഴിപ്പിക്കലും മലബാറിലെ, വിശേഷിച്ച് വടക്കൻ മലബാറിലെ കുടിയാൻമാരെ വല്ലാതെ അലട്ടിയിരുന്ന ഒന്നായിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങളുടെ ഉള്ളിൽ തട്ടി. തുടർന്ന് നാടകത്തിന്റെ പുനരവതരണങ്ങൾ തെളിയിച്ചത് അതാണ് എന്നും അദ്ദേഹം ഓർത്തു.
കെ ദാമോദരനുമായുള്ള ചിത്രൻ നമ്പൂതിരിപ്പാടിന്റെ സൗഹൃദം തുടങ്ങുന്നത് പൊന്നാനി എ വി ഹൈസ്കൂളിലെ പഠനകാലത്താണ്. കേരളത്തിനു പുറത്ത് വിദ്യാഭ്യാസം കഴിഞ്ഞുവന്ന ദാമോദരൻ എ വി ഹൈസ്കൂളിൽ കുട്ടികളെ സംഘടിപ്പിക്കാൻ എത്തുമായിരുന്നു. പലപ്പോഴും ചിത്രൻ നമ്പൂതിരിപ്പാടിനൊപ്പം അദ്ദേഹത്തിന്റെ താമസസ്ഥലത്താണ് ദാമോദരനും താമസിച്ചിരുന്നത്. മാർക്സിസവും ഇന്ത്യൻ സാമൂഹ്യാവസ്ഥയും വിവരിക്കുന്ന അദ്ദേഹത്തിന്റെ വർത്തമാനങ്ങളാണ് ചിത്രൻ നമ്പൂതിരിപ്പാടിനെ കമ്യൂണിസത്തിലേക്ക് അടുപ്പിച്ചത്.