തിരുവനന്തപുരം
തലസ്ഥാനത്തെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പങ്കെടുത്ത യോഗത്തിൽനിന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിനെയും വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെയും മാറ്റിനിർത്തി. സംസ്ഥാന കോർ കമ്മിറ്റിയിലെ മറ്റുനേതാക്കളെയെല്ലാം വേദിയിലെത്തിച്ചെങ്കിലും എം ടി രമേശിനെ മാറ്റിനിർത്തിയതിൽ പ്രവർത്തകരിൽ അമർഷമുണ്ട്. എം ടി രമേശ് ഞായറാഴ്ചവരെ തിരുവനന്തപുരത്തുണ്ടായിരുന്നു.
ആറ്റിങ്ങൽ പാർലമെന്റ് സീറ്റ് ലക്ഷ്യമിടുന്ന ശോഭാ സുരേന്ദ്രനെ മാറ്റിനിർത്തിയതും ചർച്ചയായി. വി മുരളീധരനും സുരേന്ദ്രനുമായി ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രനെ ജില്ലയിൽനിന്നുതന്നെ അകറ്റാനാണ് ശ്രമം. സംസ്ഥാന സമിതി യോഗംപോലും അറിയിക്കാറില്ലെന്ന് ശോഭാ സുരേന്ദ്രൻ പരാതി ഉന്നയിച്ചിട്ടുണ്ട്. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ വി മുരളീധരനും കണ്ണുണ്ട്.
തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ നേതാക്കളുമായി തിങ്കൾ വൈകിട്ട് ജെ പി നദ്ദ കൂടിക്കാഴ്ച നടത്തിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ സംഘടിപ്പിച്ച കൂടിക്കാഴ്ചയിൽ വി മുരളീധരനും കെ സുരേന്ദ്രനും അനുകൂലമായി നിലപാടെടുക്കുന്ന നേതാക്കളെ മാത്രമാണ് വിളിച്ചതെന്ന ആരോപണവും എതിർവിഭാഗം ഉയർത്തിയിട്ടുണ്ട്. നേതാക്കൾക്കിടയിലെ ഗ്രൂപ്പിസം അവസാനിപ്പിച്ച് ഒറ്റക്കെട്ടായി കൊണ്ടുപോകാനുള്ള ദൗത്യവുമായാണ് ദേശീയ പ്രസിഡന്റ് എത്തിയത്. എന്നാൽ, അദ്ദേഹത്തെ സ്വാഗതം ചെയ്തുള്ള ഫ്ലക്സ് ബോർഡ് മുതൽ പൊതുയോഗത്തിൽവരെ പ്രകടമായത് ഗ്രൂപ്പിസംതന്നെ.