തിരുവനന്തപുരം
ഭർത്താവ് സ്വന്തം വരുമാനത്തിൽ സമ്പാദിക്കുന്ന സ്വത്തിൽ കുടുംബത്തിനുവേണ്ടി അധ്വാനിക്കുന്ന വീട്ടമ്മയ്ക്ക് തുല്യാവകാശമുണ്ടെന്ന ജസ്റ്റിസ് കൃഷ്ണൻ രാമസാമിയുടെ സുപ്രധാന വിധിയെ സ്വാഗതംചെയ്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി.
ജോലിക്ക് പോകുന്ന ഭർത്താവിനോളം വിലപ്പെട്ടതാണ് വീട്ടമ്മ എന്ന നിലയിൽ കുടുംബത്തിനുവേണ്ടിയുള്ള ഭാര്യയുടെ സംഭാവനയെന്ന് അംഗീകരിക്കുന്നതാണ് ഈ വിധി.
പങ്കാളിയെന്ന നിലയിൽ ഭാര്യയുടെ സംഭാവനകളെ തുല്യമായി പരിഗണിക്കുന്ന ഒരു നിയമത്തിനായി 15 വർഷമായി മഹിളാ അസോസിയേഷൻ സർക്കാരുകളോട് അഭ്യർഥിക്കുകയാണ്. വീടുകളിൽ സ്ത്രീകൾക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇത്തരമൊരു നിയമം നടപ്പാക്കണമെന്ന് വീണ്ടും ആവശ്യപ്പെടുന്നതായും പി കെ ശ്രീമതി പ്രസ്താവനയിൽ പറഞ്ഞു.