തിരുവനന്തപുരം
അർഹരായ എല്ലാവർക്കും പട്ടയം നൽകാനും ഭൂരഹിതർക്ക് ഭൂമി നൽകാനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച പട്ടയ മിഷന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും പട്ടയ അസംബ്ലി രൂപീകരിക്കും. എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ ജനപ്രതിനിധികൾ അടങ്ങുന്ന അസംബ്ലി യോഗം ചേർന്ന് പട്ടയപ്രശ്നങ്ങൾ പരിശോധിച്ച് പരിഹാരം കണ്ടെത്തും. ആദ്യ പട്ടയ അസംബ്ലി ജൂലൈ അഞ്ചിന് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മണ്ഡലത്തിൽ നടക്കും. ആഗസ്ത് 20നു മുമ്പ് സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും അസംബ്ലി ചേരുമെന്ന് റവന്യു മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജനപ്രതിനിധികളിൽനിന്നും വില്ലേജുതല ജനകീയ സമിതികളിൽനിന്നും ശേഖരിക്കുന്ന പട്ടയപ്രശ്നങ്ങളാണ് അസംബ്ലി പരിശോധിക്കുക. അസംബ്ലിയുടെ ചുമതലക്കാരായി തഹസിൽദാർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരുണ്ടാകും. പരിഹരിക്കാനാകുന്ന പട്ടയ വിഷയങ്ങൾ പരിഹരിച്ച് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അനുവാദത്തോടെ പട്ടയം അനുവദിക്കും. പരിഹരിക്കാനാകാത്ത വിഷയങ്ങൾ കലക്ടർ അധ്യക്ഷനായ ജില്ലാ ദൗത്യസംഘം പരിശോധിച്ച് ആവശ്യമെങ്കിൽ സംസ്ഥാനതല സമിതിയുടെ പരിഗണനയ്ക്ക് അയക്കും. നിയമപ്രശ്നങ്ങളോ ചട്ടങ്ങളിലെ നിബന്ധനകൾമൂലമോ തീരുമാനം എടുക്കാനാകാത്ത വിഷയങ്ങളിൽ സർക്കാരിന്റെ പ്രത്യേക അധികാരം വിനിയോഗിച്ച് പട്ടയം നൽകും. സംസ്ഥാനത്ത് കോളനികളിൽ താമസിക്കുന്ന പട്ടയമില്ലാത്ത വലിയ വിഭാഗം കുടുംബങ്ങളെ പട്ടയ മിഷന്റെ ഭാഗമായി കണ്ടെത്തി ഡാഷ്ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രവർത്തനത്തിന് 5 തലം
മലയോര മേഖലയിലുള്ളവർ, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ, കോളനികളിൽ താമസിക്കുന്നവർ എന്നിവർക്ക് അടിയന്തര പ്രാധാന്യത്തോടെ മിഷൻവഴി പട്ടയം നൽകും. സംസ്ഥാന നിരീക്ഷണ സമിതി, സംസ്ഥാന–- ജില്ല–- താലൂക്ക് ദൗത്യസംഘം, വില്ലേജുതല വിവരശേഖരണ സമിതി എന്നിങ്ങനെ അഞ്ചു തലങ്ങളിലായാണ് പട്ടയം മിഷന്റെ ഘടന.
റവന്യൂ സെക്രട്ടറിയാണ് സംസ്ഥാന നിരീക്ഷണ സമിതിയുടെ കൺവീനർ. നിയമം, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, വനം, ജലവിഭവം, എസ്സി–- എസ്ടി, ഫിഷറീസ് സെക്രട്ടറിമാർ സമിതിയിൽ അംഗങ്ങളാകും. ലാൻഡ് റവന്യൂ കമീഷണർ ചെയർപേഴ്സണായി സംസ്ഥാന ദൗത്യസംഘം പ്രവർത്തിക്കും. ലാൻഡ് ബോർഡ് സെക്രട്ടറിയാണ് കൺവീനർ. കലക്ടറാണ് ജില്ലാ ദൗത്യസംഘം ചെയർപേഴ്സൺ. ഭൂപരിഷ്കരണം വിഭാഗം ഡെപ്യൂട്ടി കലക്ടർ കൺവീനറാകും. തഹസിൽദാർ ചെയർപേഴ്സണായാണ് താലൂക്ക് ദൗത്യസംഘം. വില്ലേജ് ഓഫീസർ കൺവീനറായ ജനകീയ സമിതി വില്ലേജുതല വിവര ശേഖരണത്തിനുണ്ടാകും. പട്ടയമില്ലാത്ത കോളനികൾ, അപേക്ഷ നൽകാത്തവർ, വിതരണത്തിനാവശ്യമായ ഭൂമി, പട്ടയ വിഷയങ്ങൾ എന്നിവ കണ്ടെത്തുകയാണ് ചുമതല.