ന്യൂഡൽഹി > ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷന് സംയുക്ത ഓപ്ഷൻ നൽകാനുള്ള സമയപരിധി ജൂലൈ 11 വരെ ഇപിഎഫ്ഒ നീട്ടി. നിലവിലെ സമയപരിധി തിങ്കളാഴ്ച അവസാനിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
വർഷങ്ങൾ പഴക്കമുള്ള രേഖകൾ അപ്ലോഡ് ചെയ്യണമെന്നത് ഉൾപ്പെടെ ഇപിഎഫ്ഒ ഏർപ്പെടുത്തിയിട്ടുള്ള വ്യവസ്ഥകൾ പ്രതിസന്ധിയായെന്ന് തൊഴിലുടമകളുടെ പ്രതിനിധികൾ പരാതിപ്പെട്ടിരുന്നു. സാങ്കേതികപ്രശ്നങ്ങൾകാരണം പല ജീവനക്കാർക്കും ഇതുവരെയും ഓപ്ഷൻ നൽകാനായിട്ടില്ല. ഈ സാഹചര്യത്തിൽ, സംയുക്തഓപ്ഷൻ നൽകാനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യം ശക്തമായിരുന്നു.
ഉയർന്ന പെൻഷനായി നൽകേണ്ട തുക കണക്കാക്കാനുള്ള ‘എക്സൽ യൂട്ടിലിറ്റി കാൽക്കുലേറ്റർ’ സമയപരിധി അവസാനിക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് മാത്രമാണ് ഇപിഎഫ്ഒ പുറത്തിറക്കിയത്. ഉയർന്ന പെൻഷനായി എത്ര തുക നൽകേണ്ടിവരും, അതുകാരണം ഉണ്ടാകാൻ സാധ്യതയുള്ള നേട്ടമെന്ത് തുടങ്ങിയ കാര്യങ്ങൾ കണക്കാക്കേണ്ടത് ഇതുപയോഗിച്ചാണ്. ജീവനക്കാർക്ക് അർഹതപ്പെട്ട ഉയർന്ന പെൻഷൻ നടപ്പാക്കുന്ന വിഷയത്തിൽ ഇപിഎഫ്ഓയ്ക്കും തൊഴിൽമന്ത്രാലയത്തിനുമുള്ള ഉദാസീനതയാണ് ഇവിടെയെല്ലാം പ്രതിഫലിക്കുന്നത്.
കഴിഞ്ഞവർഷം നവംബറിലാണ് ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷന് വഴിയൊരുക്കി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഓപ്ഷൻ നൽകാൻ ആദ്യം മാർച്ച് മൂന്നാണ് അവസാന തീയതിയായി നിശ്ചയിച്ചത്. പിന്നീട് സമയപരിധി മെയ് മൂന്നിലേക്കും ജൂൺ 26ലേക്കും ഇപിഎഫ്ഒ നീട്ടുകയായിരുന്നു.