ന്യൂഡൽഹി > ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണെതിരെയുള്ള പോരാട്ടം കോടതിയിൽ തുടരുമെന്ന് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ. കേന്ദ്രവുമായി നടത്തിയ ചർച്ചയിൽ നൽകിയ ഉറപ്പുകളിൽ പുരോഗതി കാണുന്നതിനാൽ തെരുവിലുള്ള സമരം അവസാനിപ്പിച്ചുവെന്ന് സാക്ഷി മലിക്, ബജ്റംഗ് പൂനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയവർ പറഞ്ഞു. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ്, ,ലോക ചാംപ്യൻഷിപ്പ് എന്നിവയ്ക്കുള്ള പരിശീലന ക്യാമ്പിൽ താരങ്ങൾ ഈ മാസം തുടക്കത്തിൽ എത്തിയിരുന്നു.
കുറ്റപത്രം സമർപ്പിച്ചതും ഫെഡറേഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും മുൻനിർത്തിയാണ് പ്രത്യേക്ഷ സമരത്തിൽ നിന്നുള്ള പിൻവാങ്ങൽ. അതേസമയം ചാംപ്യൻഷിപ്പ് ട്രയലുകൾക്ക് താരങ്ങൾ കൂടുതൽ സമയം അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് താരങ്ങൾ തിങ്കളാഴ്ച ആവശ്യപ്പെട്ടു. ബജ്റംഗ് പുനിയ , സാക്ഷി മലിക് , സത്യവർത്ഥ് കഠിയാൻ, സംഗീത ഫോഗട്ട് , ജിതേന്ദർ കുമാർ , വിനേഷ് ഫോഗട്ട് എന്നിവരാണ് കത്തുനൽകിയത്.
സെപ്റ്റംബറിലാണ് ഏഷ്യൻ ഗെയിംസ്. ആറുമാസത്തോളമായി സമരമുഖത്തായിരുന്നതിനാൽ കായികക്ഷമത വീണ്ടെടുക്കേണ്ടതുണ്ടെന്ന് താരങ്ങൾ വ്യക്തമാക്കി. ശത്രുക്കൾ താരങ്ങളുടെ ഐക്യം തകർക്കാൻ ശ്രമിക്കുകയാണെന്ന് വിനേഷ് ഫോഗട്ട് പ്രതികരിച്ചു. എല്ലാ താരങ്ങളും സമൂഹമാധ്യമങ്ങളിൽ താൽക്കാലികമായി വിട്ടുനിൽക്കുകയാണെന്നും അറിയിച്ചു. അതിനിടെ വിഷയത്തിൽ കോടതി തീർപ്പ് കൽപ്പിക്കട്ടേയെന്ന് ബ്രിജ്ഭൂഷൺ തിങ്കളാഴ്ച പ്രതികരിച്ചു.