കൊച്ചി> മറുനാടന് മലയാളി എഡിറ്റര് ഷാജന് സ്കറിയക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്ശനം. ഷാജന് നടത്തുന്നത് മാധ്യമ പ്രവര്ത്തനമല്ലെന്ന് തിങ്കളാഴ്ച ഹൈക്കോടതി ആവര്ത്തിച്ചു. ഷാജന് മനപൂര്വ്വം വ്യക്തികളെ അവഹേളിക്കുന്നുവെന്നും മറ്റുള്ളവര്ക്ക് ഉപദ്രവം ഉണ്ടാക്കി ആണ് ഇയാള് ജീവിക്കുന്നതെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. പരാതിക്കാരനെ നിരന്തരം അപമാനിച്ചതിന് തെളിവുണ്ട്. ഷാജന് ഒരു ആശ്വാസവും അര്ഹിക്കുന്നില്ല – പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
അതേസമയം, ഷാജന് സ്കറിയ ചെയ്ത വാര്ത്ത ദളിത് പീഡന നിരോധന നിയമത്തിന്റെ പരിധിയില് വരില്ല എന്ന് ഷാജന് സ്കറിയയുടെ അഭിഭാഷകന് കോടതിയില് വാദിച്ചു. തുടര്ന്ന് ജാമ്യാപേക്ഷയില് വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി.
പിവി ശ്രീനിജിന് എംഎല്എയ്ക്കെതിരെ വ്യാജവാര്ത്ത നല്കിയ കേസിലാണ് മറുനാടന് മലയാളി എഡിറ്റര് ഷാജന് സ്കറിയയുടെ മുന്കൂര് ജാമ്യഹര്ജി ഹൈക്കോടതി പരിഗണിക്കുന്നത്. അറസ്റ്റ് തടയണമെന്ന ഷാജന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. വ്യാജവാര്ത്ത നല്കി വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന ശ്രീനിജിന്റെ പരാതിയില് പട്ടികജാതി അതിക്രമം തടയല്, ഇന്ത്യന് ശിക്ഷാനിയമം എന്നിവപ്രകാരമാണ് കേസെടുത്തിട്ടുള്ളത്