സുനീഷ് ജോ
തിരുവനന്തപുരം
കേരളത്തിന്റെ അഭിമാന സർവീസിലേക്ക് നിയമന ഉത്തരവ് സ്വീകരിക്കാൻ 36 വനിതകൾ എത്തുക നേമത്തിന്റെ കൈത്തറി സാരിയും അണിഞ്ഞ്. ചൊവ്വാഴ്ച നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന കെഎഎസ് പരിശീലനപൂർത്തീകരണ പ്രഖ്യാപനത്തിലേക്കാണ് ട്രാവൻകൂർ സഹകരണസംഘം തയ്യാറാക്കിയ സാരി ധരിക്കുക. ഒരുമാസംമുമ്പ് പരിശീലനത്തിന്റെ ഭാഗമായി കെഎഎസ് ഉദ്യോഗസ്ഥരായ ബാലാദേവി, ഗായത്രി, ഗൗതമൻ, നന്ദന എന്നിവർ സൊസൈറ്റി സന്ദർശിച്ചിരുന്നു. ഇവിടത്തെ തൊഴിലാളികൾ ഏറെയും അറുപതും എഴുപതും പിന്നിട്ടവരാണ്. 83 വയസ്സായ സരോജിനിയമ്മയാണ് ഏറ്റവും മുതിർന്ന തൊഴിലാളി. ഇവർക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് നിയമന ഉത്തരവ് കൈപ്പറ്റുമ്പോൾ അവർ നെയ്ത സാരി ധരിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് ബാലാദേവി പറഞ്ഞു. 25 ദിവസംകൊണ്ടാണ് 36 സാരി നെയ്തെടുത്തത്. ഇത് തൊഴിലാളികളിലും ആത്മവിശ്വാസമുണ്ടാക്കിയതായി സംഘം പ്രസിഡന്റ് അഡ്വ. എ പ്രസന്നകുമാരൻ നായരും സെക്രട്ടറി എസ് എ ജയലക്ഷ്മിയും പറഞ്ഞു.
ഇത്തരത്തിൽ ഓർഡർ ലഭിക്കുന്നത് ആദ്യമാണ്. കൂടുതൽ കൈത്തറി സാരി വാങ്ങാൻ പ്രചോദനമാകുന്നതാണ് കെഎഎസുകാരുടെ ഇടപെടലെന്നും ഇരുവരും പറഞ്ഞു. സാരിക്ക് പുറമേ ബെഡ് ഷീറ്റ്, തോർത്ത്, ഷർട്ട് തുടങ്ങിയവയും നിർമിക്കുന്നുണ്ട്. സ്കൂൾ യൂണിഫോമും നെയ്യുന്നുണ്ട്.