കൊച്ചി
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറസ്റ്റിലായ മോൻസൺ പുരാവസ്തുതട്ടിപ്പിലെ വഞ്ചനക്കേസിൽ ഐജി ജി ലക്ഷ്മണ, മുൻ ഡിഐജി എസ് സുരേന്ദ്രൻ എന്നിവരെ രണ്ടാഴ്ചയ്ക്കുള്ളിൽ ചോദ്യംചെയ്തേക്കും. ഇരുവരുടെയും പങ്കാളിത്തം വ്യക്തമാക്കുന്ന ഫോട്ടോകളും വീഡിയോയും ഫോൺവിളിയുടെ -ടവർ ലൊക്കേഷൻ വിവരങ്ങളും അടങ്ങുന്ന തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ജി ലക്ഷ്മണ, കേസിലെ മൂന്നാംപ്രതിയും എസ് സുരേന്ദ്രൻ നാലാംപ്രതിയുമാണ്. ഇരുവർക്കും ഹൈക്കോടതിയുടെ ഇടക്കാല മുൻകൂർ ജാമ്യമുണ്ട്. ഇത് തളളാൻ ആവശ്യമായ തെളിവുകൾ ലഭിച്ചാൽ ഹൈക്കോടതിയിൽ സമർപ്പിക്കും.
കെ സുധാകരൻ, ജി ലക്ഷ്മണ, എസ് സുരേന്ദ്രൻ എന്നിവർ നൽകിയ ഉറപ്പിലാണ് പരാതിക്കാർ മോൻസണ് വൻതുക കൈമാറിയതെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടിപ്പുകേസിൽ സസ്പെൻഷനിലായിരുന്ന ലക്ഷ്മണയെ പിന്നീട് സർവീസിൽ തിരിച്ചെടുത്തിരുന്നു. ഇരുവർക്കും കേസിൽ കൂടുതൽ പങ്കാളിത്തമുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്. മോൻസൺ മാവുങ്കലിന്റെ പുരാവസ്തു ഇടപാടിന് ഇവർ ഇടനിലനിന്നോ എന്നും അനേഷിക്കുന്നുണ്ട്.
കെ സുധാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനും യൂത്ത് കോൺഗ്രസ് നേതാവുമായ ഇരുമ്പനം കാട്ടേത്തുവീട്ടിൽ എബിൻ എബ്രഹാമിന്റെ സാമ്പത്തിക ഇടപാടുകളും ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. എബിനെ ഈയാഴ്ച ചോദ്യംചെയ്യും. എബിനും സുധാകരനും തമ്മിൽ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.