കോഴിക്കോട്
മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അവസ്ഥ ദയനീയമാണെന്ന് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ.
ഇപ്പോൾ സുധാകരൻ സ്ഥാനമൊഴിഞ്ഞാൽ നാളെ കേസിൽ അകപ്പെട്ടാൽ താനും രാജിവയ്ക്കേണ്ടി വരുമെന്ന പേടിയാണ് സതീശന്. മോൻസൺ മാവുങ്കലുമായുള്ള സൗഹൃദത്തെക്കാൾ സുധാകരന് പ്രധാനമല്ല കെപിസിസി അധ്യക്ഷസ്ഥാനമെന്നാണ് മനസ്സിലാക്കേണ്ടത്. തട്ടിപ്പു വീരനുമായി അത്രയ്ക്ക് ദൃഢബന്ധമാണുള്ളതെന്ന് ഇതിൽനിന്നും വ്യക്തം.
ഇതിനുമുമ്പ് പല കെപിസിസി പ്രസിഡന്റുമാരും ജയിലിൽ കിടന്നിട്ടുണ്ട്. പക്ഷേ, അത് വഞ്ചനാ കുറ്റത്തിനോ പോക്സോ കേസ് പ്രതിയുമായുള്ള വഴിവിട്ട ബന്ധത്തിന്റെ പേരിലോ അല്ല. മോൻസൺ മാവുങ്കലുമായുള്ള സൗഹൃദം ഉപേക്ഷിക്കില്ലെന്ന് പറയുന്ന സുധാകരൻ പൊതുപ്രവർത്തകനാകാൻപോലും യോഗ്യനല്ല. അറസ്റ്റ് ചെയ്തിട്ട് സുധാകരന്റെ തട്ടകമായ കണ്ണൂരിൽപ്പോലും ഇലയനക്കമുണ്ടായിട്ടില്ലെന്നും അനിൽകുമാർ പറഞ്ഞു.