തിരുവനന്തപുരം
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ സെപ്തംബറിൽ നടക്കുന്ന അവലോകന യോഗങ്ങളിൽ അഞ്ച് മേഖലകളെ കേന്ദ്രീകരിച്ചാകും ചർച്ച. അതിദാരിദ്ര്യം, നവകേരള മിഷൻ, പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ, മാലിന്യമുക്ത കേരളം, കലക്ടർമാർ കണ്ടെത്തുന്ന പ്രശ്നങ്ങൾ എന്നിവയാണ് ചർച്ച ചെയ്യുക.
സെപ്തംബർ നാലിന് കോഴിക്കോട്ടാണ് ആദ്യ മേഖലായോഗം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ വിഷയങ്ങൾ ചർച്ചചെയ്യും. ഏഴിന് തൃശൂരിൽ നടക്കുന്ന മേഖലാതല യോഗത്തിൽ പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകൾ പങ്കെടുക്കും. 11ന് ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകൾ പങ്കെടുത്ത് എറണാകുളത്ത് മേഖലായോഗം നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന തിരുവനന്തപുരം മേഖലായോഗം 14നും നടക്കും.
ഓരോ ജില്ലയിലെയും പ്രശ്നങ്ങൾ കണ്ടെത്താൻ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി ഉദ്യോഗസ്ഥരുടെ ശിൽപ്പശാല സംഘടിപ്പിക്കും. കണ്ടെത്തുന്ന വിഷയങ്ങളിൽ സർക്കാർതലത്തിൽ തീരുമാനമെടുക്കേണ്ടതും ജില്ലാതലത്തിൽ പരിഹരിക്കാവുന്നതുമായ വിഷയങ്ങൾ തരംതിരിച്ച് 30നകം നൽകാനും നിർദേശിച്ചിട്ടുണ്ട്.