തൃശൂർ
സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള ഈ വർഷത്തെ ദേശാഭിമാനി പുരസ്കാരം മലയാളത്തിന്റെ മഹാഗുരുവിന് തിങ്കളാഴ്ച സമർപ്പിക്കും. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരമാണ് പ്രൊഫ. എം കെ സാനുവിന് തിങ്കളാഴ്ച സമർപ്പിക്കുക.
മലയാളഭാഷയിലെ പൂർവകാല നിരൂപണവര്യരുടെ മഹത്തായ ശ്രേണിയിൽ തലയെടുപ്പോടെ നിൽക്കുന്ന വ്യക്തിത്വമാണ് സാനുമാഷ്. ജീവചരിത്രരചനയിലെ അഭൂതപൂർവമായ അപഗ്രഥനങ്ങളും സർഗകൃതികളും ഉൾപ്പെടെ സമഗ്രമാണ് അദ്ദേഹത്തിന്റെ രചനാമേഖല. അനുഗൃഹീത പ്രഭാഷകൻ, പ്രിയപ്പെട്ട അധ്യാപകൻ, സംഘാടകൻ, ജനപ്രതിനിധി തുടങ്ങി വിശാലമായ പ്രവർത്തനമണ്ഡലത്തിൽ ഹൃദയപക്ഷം ഉയർത്തിപ്പിടിച്ചു. ശ്രീനാരായണ ഗുരുവിനെയും കുമാരനാശാനെയും ചങ്ങമ്പുഴ കൃഷ്ണപിള്ളയെയും സഹോദരൻ അയ്യപ്പനെയും മറ്റും അവരുടെ ജീവിതവഴിയിലൂടെയും കൃതികളിലൂടെയും പിന്തുടർന്ന് വായനക്കാർക്ക് പുതിയ വെളിച്ചം പകർന്നു.
1986ൽ പുരോഗമന കലാസാഹിത്യസംഘം പ്രസിഡന്റായി. 1987ൽ എറണാകുളത്തുനിന്ന് എൽഡിഎഫ് സ്വതന്ത്രസ്ഥാനാർഥിയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 96–-ാംവയസ്സിലും സാംസ്കാരിക കൂട്ടായ്മകളിലും സാമൂഹ്യസേവനങ്ങളിലും സജീവസാന്നിധ്യം. 52 കൃതികളുടെ കർത്താവാണ്. എഴുത്തച്ഛൻ പുരസ്കാരവും കേന്ദ്ര, സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകളും വയലാർ അവാർഡും പത്മപ്രഭാ പുരസ്കാരവും ഉൾപ്പെടെ നൂറോളം അവാർഡുകൾ ലഭിച്ചു. പുരസ്കാരദാനച്ചടങ്ങിൽ നടൻ മോഹൻലാൽ, മന്ത്രിമാർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും.