ഒല്ലൂർ
പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് രണ്ടാമത്തെ അതിഥിയായി ദുർഗയെത്തി. രണ്ടുമാസം മുമ്പെത്തിച്ച വൈഗ എന്ന കടുവയ്ക്കുശേഷം എത്തുന്ന അതിഥിയാണ് പതിമൂന്നുകാരിയായ ദുർഗ. വയനാട്ടിലെ ചിതലിയത്ത് ജനവാസ മേഖലയിൽ ഭീതി പരത്തിയ കടുവയെ 2017 ലാണ് പിടികൂടിയത്. തുടർന്ന് നെയ്യാറിലെ പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ച ദുർഗയെ ആരോഗ്യം വീണ്ടെടുത്തതോടെയാണ് സുവോളജിക്കൽ പാർക്കിലെത്തിച്ചത്. ഞായർ പുലർച്ചെ നാലോടെ പുത്തൂരിൽ എത്തിച്ച കടുവയെ ഏഴോടെയാണ് ക്രെയിനിന്റെ സഹായത്താൽ പാർക്കിലെ ഇരുമ്പുകൂട്ടിലേക്ക് മാറ്റിയത്.
ചന്ദനക്കുന്നിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി ജീവനക്കാരുമായി ഇണങ്ങിയതോടെ വൈഗയെ മറ്റൊരുതുറന്ന കൂട്ടിലേക്ക് മാറ്റി. ദുർഗയെ ആദ്യഘട്ടത്തിൽ നിരീക്ഷണത്തിൽ പാർപ്പിച്ച് പ്രത്യേക പരിചരണം നൽകും. തേക്കടിയിൽനിന്ന് മംഗള എന്ന മറ്റൊരു കടുവയെയും അധികം വൈകാതെ പുത്തൂരിലെത്തിച്ചേക്കും, ജൂലൈയിൽ പക്ഷികളെയും. മന്ത്രി ആർ രാജൻ, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, അസിസ്റ്റന്റ് കലക്ടർ വി എം ജയകൃഷ്ണൻ, സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ കീർത്തി എന്നിവർ ചേർന്നാണ് ദുർഗയെ സ്വീകരിച്ചത്.