മലപ്പുറം
മോന്സൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിനെതിരെ കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധത്തിൽ അക്രമം. മലപ്പുറം കുന്നുമ്മൽ ട്രാഫിക് സർക്കിളിനുസമീപം സ്കൂട്ടർ യാത്രികനെ പ്രവർത്തകർ കൂട്ടംചേർന്ന് ആക്രമിച്ചു. താക്കോൽ വലിച്ചൂരി സ്കൂട്ടർ റോഡിൽ തള്ളിയിട്ടു. ശനി രാവിലെയായിരുന്നു അക്രമം.
‘വണ്ടിയെടുത്ത് മാറ്റെടാ’ എന്ന് ആക്രോശിച്ചായിരുന്നു യുവാവിനെതിരെയുള്ള ആക്രമണവും തെറിവിളിയും. റോഡ് ഉപരോധത്തിനിടെ യുവാവ് സ്കൂട്ടറുമായി പോകാൻ ശ്രമിച്ചതായിരുന്നു. യുവാവ് പ്രതികരിച്ചതോടെ വണ്ടി അടിച്ചുതകർക്കാനും ശ്രമമുണ്ടായി. പ്രതിഷേധംതീരുംവരെ മറ്റു വാഹനങ്ങളെയും പോകാൻ അനുവദിച്ചില്ല.
പൊലീസിനുനേരെയും മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ തിരിഞ്ഞു. പ്രവർത്തകരും പൊലീസുമായി വാക്ക് തർക്കവും ഉന്തുംതള്ളുമുണ്ടായി. കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, ഡിസിസി പ്രസിഡന്റ് വി എസ് ജോയ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയിലാണ് പ്രവർത്തകരുടെ പ്രകോപനം.