ബംഗളൂരു> സുനിൽ ഛേത്രി കളംനിറഞ്ഞു, ഇന്ത്യ ഗോൾ നിറച്ചു. സാഫ് കപ്പ് ഫുട്ബോളിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് നാല് ഗോളിന്റെ തകർപ്പൻ ജയം. ഹാട്രിക്കുമായി ഛേത്രി കളംനിറഞ്ഞപ്പോൾ സമീപകാലത്തെ ഏറ്റവും മികച്ച ജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. അവസാനഘട്ടത്തിൽ ഉദാന്ത സിങ് പട്ടിക പൂർത്തിയാക്കി. രാജ്യാന്തര ഫുട്ബോളിൽ ഛേത്രിക്ക് 90 ഗോളായി. ഗോൾവേട്ടക്കാരിൽ നാലാമതെത്തി. 103 ഗോളുള്ള ലയണൽ മെസിയാണ് തൊട്ടുമുന്നിൽ. 123 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിൽ മുന്നിൽ. 109 ഗോളുള്ള അലി ദേയി രണ്ടാമതും.
മഴയിൽ കുതിർന്ന ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഛേത്രിയും കൂട്ടരും ഗോളുകൾകൊണ്ട് ആഘോഷിക്കുകയായിരുന്നു. പാകിസ്ഥാന് ചുവടുറപ്പിക്കാനായില്ല. അതിനുമുമ്പേ ഗോൾ വീണു. പാകിസ്ഥാൻ ഗോൾകീപ്പർ ഹനീഫിന്റെ വലിയ പിഴവാണ് ഗോളിലേക്ക് വഴിതുറന്നത്. ബോക്സിൽനിന്ന് അടിതൊടുക്കാൻ ശ്രമിച്ച ഗോൾ കീപ്പർക്ക് പിഴച്ചു. പന്ത് ഛേത്രിയുടെ കാലിൽ. പിന്നാലെ പെനൽറ്റിയിലൂടെ നേട്ടം രണ്ടാക്കി. രണ്ടാംപകുതിയിൽ മറ്റൊരു പെനൽറ്റിയിൽ ഹാട്രിക്കും പൂർത്തിയാക്കി.
മറ്റൊരു കളിയിൽ കുവൈത്ത് 3–-1ന് നേപ്പാളിനെ തോൽപ്പിച്ചു. 24ന് നേപ്പാളുമായാണ് ഇന്ത്യയുടെ അടുത്ത കളി.
ഇന്ന് ലെബനൻ ബംഗ്ലാദേശിനെയും മാലദ്വീപ് ബഹ്റൈനെയും നേരിടും.