തിരുവനന്തപുരം
കേരള സർവകലാശാല വൈസ് ചാൻസലറുടെ അധികച്ചുമതല വഹിക്കുന്ന ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഒരേസമയം രണ്ടു റഗുലർ കോഴ്സുകൾ പഠിച്ചതിന്റെ രേഖകൾ പുറത്ത്. 1988 ജൂൺമുതൽ 1991 ജൂൺവരെ കേരള സർവകലാശാലയ്ക്കു കീഴിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംഡി റേഡിയോ ഡയഗ്നോസിസ് വിദ്യാർഥിയായിരുന്നു മോഹനൻ കുന്നുമ്മൽ. ഇതേ കാലയളവിനുള്ളിൽ അലിഗഢ് സർവകലാശാലയ്ക്കു കീഴിലെ ജവാഹർ ലാൽ നെഹ്റു മെഡിക്കൽ കോളേജിൽനിന്ന് ഡിപ്ലോമ ഇൻ ചൈൽഡ് ഹെൽത്ത് കോഴ്സും അദ്ദേഹം പൂർത്തിയാക്കി. 1989 സെപ്തംബർ രണ്ടുമുതൽ 1990 ആഗസ്ത് 22 വരെ ജവാഹർ ലാൽ നെഹ്റു മെഡിക്കൽ കോളേജിൽ പഠിച്ചതിന്റെ രേഖകളാണ് പുറത്തുവന്നത്.
മോഹനൻ കുന്നുമ്മൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിച്ച കാലയളവിലെ അറ്റൻഡൻസ് രജിസ്റ്ററിൽ ഒരു ഭാഗം ഇപ്പോൾ കാണാനില്ലെന്നും വിവരമുണ്ട്. ഒരേസമയം രണ്ടു കോഴ്സുകൾ ചെയ്തെന്ന വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ വന്നിരുന്നു. ഈ കേസിൽ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിഷയം ബാധകമല്ലാത്തതിനാൽ കോടതി പരിഗണിച്ചിരുന്നില്ല.
ആരോഗ്യ സർവകലാശാല വിസിയായിരുന്ന മോഹനൻ കുന്നുമ്മലിന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാനാണ് കേരള സർവകലാശാലയുടെകൂടി ചുമതല നൽകിയത്. വിസിയായി സർക്കാർ നിർദേശിച്ച പേരുകൾ തള്ളിയാണ് ആർഎസ്എസുമായി അടുത്ത ബന്ധമുള്ള, ആർഎസ്എസ് പരിപാടികളിലെ സ്ഥിരസാന്നിധ്യമായ മോഹനൻ കുന്നുമ്മലിനെ ചുമതലയേൽപ്പിച്ചത്.