കോട്ടയം
എംജി സർവകലാശാലയിൽനിന്ന് ഹോളോഗ്രാം പതിക്കാത്ത ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ രണ്ടുപേരെ സസ്പെൻഡ് ചെയ്തു. മുൻ സെക്ഷൻ ഓഫീസർ സെബാസ്റ്റ്യൻ പി ജോസഫ്, ഇപ്പോഴത്തെ സെക്ഷൻ ഓഫീസർ മനോജ് തോമസ് എന്നിവർക്കാണ് നടപടി. കോൺഗ്രസ് അനുകൂല സംഘടനയുടെ സജീവ പ്രവർത്തകരായ ഇവർ വീഴ്ചവരുത്തിയതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. സംഭവം ആസൂത്രിതമാണെന്ന് സംശയമുണ്ട്.
ജോയിന്റ് രജിസ്ട്രാർ തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വിശദ അന്വേഷണം നടത്തും. പൊലീസിൽ പരാതി നൽകുമെന്ന് സർവകലാശാല അറിയിച്ചു. പരീക്ഷാഭവനിലെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകൾ കൈകാര്യം ചെയ്യുന്ന പിഡി–-5 സെക്ഷനിൽനിന്നാണ് ഹോളോഗ്രാം പതിക്കാത്ത 54 സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റുകൾ കാണാതായത്. ഇവ അസാധുവാക്കി സീരിയൽ നമ്പരുകൾ പ്രസിദ്ധീകരിക്കും. ഇതോടെ കാണാതായ ഫോർമാറ്റുകൾ ഉപയോഗിച്ച് വ്യാജ സർട്ടിഫിക്കറ്റ് നിർമിക്കാൻ കഴിയാതാകുമെന്ന് അധികൃതർ അറിയിച്ചു. സെക്ഷനിലെ എല്ലാ ജീവനക്കാരെയും അന്വേഷണ കാലയളവിൽ മറ്റ് സെക്ഷനുകളിലേക്ക് മാറ്റും.
സംഭവത്തിൽ സർവകലാശാല ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സർവകലാശാല രജിസ്ട്രാർ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കുമെന്ന് വിസിയുടെ ചുമതല വഹിക്കുന്ന ഡോ. സി ടി അരവിന്ദകുമാർ അറിയിച്ചു. പ്രാഥമിക അന്വേഷണം നടത്തിയ പരീക്ഷാ കൺട്രോളർ ഡോ. സി എം ശ്രീജിത്ത് വിസിക്ക് റിപ്പോർട്ട് നൽകി.