തിരുവനന്തപുരം > ബോധപൂർവം കുടിശ്ശിക വരുത്തുന്നവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴിയുള്ള സൗജന്യം നൽകരുതെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ബെഫി).
ബോധപൂർവ്വം കുടിശ്ശിക വരുത്തുന്നവർക്കും വഞ്ചനാകുറ്റം ആരോപിച്ചിട്ടുള്ളവർക്കുമടക്കം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ സൗജന്യം നൽകാനും തുടർന്ന് 12 മാസത്തിനു ശേഷം പുനർ വായ്പ നൽകാനും റിസർവ് ബാങ്ക് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയതിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാനപ്രകാരം അഖിലേന്ത്യാ തലത്തിൽ റിസർവ്വ് ബാങ്ക് ഓഫീസുകൾക്കു മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ഇതിന്റെ ഭാഗമായി തിരുവനന്തപുരം റിസർവ് ബാങ്കിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ വർക്കിങ്ങ് പ്രസിഡന്റ് ടി ആർ രമേശ്, ബെഫി (BEFI) സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ ടി അനിൽ കുമാർ, സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പി വി ജോസ് എന്നിവർ അഭിവാദ്യം ചെയ്തു. ബെഫി ജില്ലാ പ്രസിഡന്റ് എസ് സജീവ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഹരികുമാർ സ്വാഗതവും ജില്ലാ സെക്രട്ടറി എൻ നിഷാന്ത് നന്ദിയും പറഞ്ഞു.
കൊച്ചി റിസർവ്വ് ബാങ്ക് ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധ ധർണ്ണ CITU ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ബെഫി ദേശീയ പ്രസിഡന്റ് സി ജെ നന്ദകുമാർ അഭിവാദ്യം ചെയ്തു. ബെഫി ജില്ലാ പ്രസിഡന്റ് പി ജി ഷാജു അധ്യക്ഷത വഹിച്ചു. സ്വാഗതം സെക്രട്ടറി വിമൽ കുമാറും കൃതജ്ഞത സോനയും പറഞ്ഞു